ഉഷ്ണകാല മുന്നൊരുക്കം; പരീക്ഷ ഹാളുകളില്‍ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
text_fieldsകണ്ണൂർ: ജില്ലയില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉഷ്ണകാല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താൻ ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷകളുടെ സമയങ്ങളില്‍ വിദ്യാർഥികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി. പരീക്ഷ ഹാളുകളില്‍ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണം. വേനലവധി സമയങ്ങളില്‍ അത്യാവശ്യമെങ്കില്‍ മാത്രം സ്പെഷല്‍ ക്ലാസുകള്‍ നടത്തുക, താപനിലക്കനുസരിച്ച് സമയക്രമം (11 മുതല്‍ മൂന്നു മണി വരെ ഒഴികെ) പുനഃക്രമീകരിക്കണം. എല്ലാ വിദ്യാലയങ്ങളിലെയും ക്ലാസ് മുറികളില്‍ ഫാനുകളും കൃത്യമായ വായുസഞ്ചാരവും ഉറപ്പുവരുത്തണം. ചൂട് കാഠിന്യമേറിയ സമയങ്ങളില്‍ ട്യൂഷന് ക്ലാസുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവ നടത്താതിരിക്കുക. വിദ്യാർഥികളുടെ യാത്ര ഈ സമയങ്ങളില്‍ പരമാവധി ഒഴിവാക്കുകയും ചെയ്യണം.
'വാട്ടര്‍ ബെല്‍' സമ്പ്രദായം മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പാക്കണം. സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കണം. വിദഗ്ധരുടെ നിര്‍ദേശം പരിഗണിച്ച് വിദ്യാര്‍ഥികളുടെ യൂനിഫോമുകളില്‍ ഷൂസ്, സോക്സ്, ടൈ തുടങ്ങിയവയില്‍ ഇളവ് നല്‍കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ട്രൈബല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് പട്ടിക ജാതിവര്‍ഗ വികസന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
കുടിവെള്ളക്ഷാമം നേരിടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടപ്പാക്കണം. ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ റാപിഡ് ഫയര്‍ സേഫ്റ്റി ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കി സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ഡി.എഫ്.ഒ എസ്. വൈശാഖ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.വി. ശ്രുതി, ജില്ല പ്ലാനിങ് ഓഫിസര്‍ നെനോജ് മേപ്പടിയത്ത്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.