മഴയെത്തിയിട്ടും എങ്ങുമെത്താതെ ശുചീകരണം
text_fieldsകണ്ണൂർ: വേനൽ മഴക്ക് പിന്നാലെ കാലവർഷവും എത്തുന്നതോടെ മഴക്കാലപൂർവ ശുചീകരണം പാതിവഴിയിൽ. പല തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിതകേരള, ശുചിത്വ മിഷനുകളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് മഴ ശക്തമായത്.
പൊതുസ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം മേയ് 15നകം പൂർത്തിയാക്കാൻ മാലിന്യമുക്ത നവകേരളം മഴക്കാലപൂർവ ശുചീകരണ പുരോഗതി അവലോകന യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, വേനൽ മഴ ശക്തമായതോടെ പലയിടത്തും പൂർത്തിയാക്കാനായില്ല. റോഡരികിലെ അഴുക്കുചാലുകളിലെ മണ്ണും മാലിന്യവും നീക്കാനുണ്ട്. ചാലുകൾ അടഞ്ഞതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തപ്പോൾ പലയിടത്തും വെള്ളം റോഡുകളിലൂടെ ഒഴുകുന്ന സ്ഥിതിയായിരുന്നു. നഗരസഭകളിൽ അടക്കം ചളിയും മാലിന്യവും നീക്കം നടന്നുവരികയാണ്. അഴുക്കുചാലുകളിലെ കാടുവെട്ടലും ആഴം കൂട്ടലും അടക്കമുള്ള പ്രവൃത്തികൾ പൂർത്തിയാകാനുണ്ട്.
ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കേണ്ടതുണ്ട്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പലയിടത്തും അഴുക്കുചാൽ നിലവിലില്ല. വ്യാപകമായി മണ്ണ് നികത്തിയാണ് പാത നിർമാണം. അതിനാൽ താഴ്ന്ന പ്രദേശങ്ങളില വെള്ളം ഒഴുകിപോകാൻ വഴിയില്ലാത്തതിനാൽ വെള്ളക്കെട്ടുണ്ട്. തലശ്ശേരി, പിലാത്തറ, വേളാപുരം തുടങ്ങിയയിടങ്ങളിൽ വൻ വെള്ളക്കെട്ടാണ്. മഴ പെയ്തതതോടെ ദേശീയപാത പ്രവൃത്തികളും മെല്ലെപ്പോക്കിലായി.
വെള്ളം ഒഴുകിപ്പോകാൻ കഴിയുന്ന നീർച്ചാലുകൾ വൃത്തിയാക്കൽ നടപടികൾ പൂർത്തിയാക്കാനാവാത്തത് മഴക്കാലത്ത് തലവേദന സൃഷ്ടിക്കും. ചാലുകൾ അടയുന്നത് താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കും. റോഡിലൂടെ വെള്ളമൊഴുകുന്നതിനും കാരണമാകും. അടുത്ത നാലു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന് മുമ്പ് ശുചീകരണ പ്രവൃത്തികൾ നടത്താനുള്ള ഓട്ടത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

