2128 കോടി നിക്ഷേപം; വാനോളം സ്വപ്നങ്ങള്‍
text_fieldsജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച എൻ.ആർ.ഐ സമ്മിറ്റിന്റെ
രണ്ടാം ദിവസം കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഭദ്രദീപം കൊളുത്തുന്നു
കണ്ണൂർ: വ്യവസായിക-ടൂറിസം രംഗത്ത് വന്‍കിട പദ്ധതികള്‍ അവതരിപ്പിച്ചും നടപ്പാക്കാനൊരുങ്ങിയും ജില്ല പഞ്ചായത്തും ജില്ല വ്യവസായ വകുപ്പും നടത്തിയ പ്രവാസി നിക്ഷേപക സംഗമത്തിന് (എന്‍.ആര്.ഐ സമ്മിറ്റ്) സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മിറ്റില്‍ 2128 കോടി രൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം ദിനത്തില്‍ ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളിലായി 724 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സംരംഭകര്‍ തയാറായെന്നും അവര്‍ പറഞ്ഞു. ആദ്യദിനം വ്യവസായിക രംഗത്ത് 1404 കോടി രൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നിരുന്നു.
ടൂറിസം രംഗത്ത് വൈവിധ്യങ്ങളായ പദ്ധതികളാണ് രണ്ടാംദിനം പ്രഖ്യാപിച്ചത്. ജില്ലയില്‍ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നിര്‍മിക്കാനുള്ള വാഗ്ദാനം ലഭിച്ചതായും ദിവ്യ പറഞ്ഞു. അരോമ ഗ്രൂപ്പും ശ്രീരോഷ് ബില്‍ഡേഴ്സുമാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നിര്‍മിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്. അരോമ ബില്‍ഡേഴ്സ് 200 കോടി മുടക്കി ഏച്ചൂരിലാണ് ഹോട്ടലുകള്‍ നിര്‍മിക്കുക. 200 കോടി രൂപ ചെലവഴിച്ച് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി നിര്‍മിക്കുമെന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രി അധികൃതർ അറിയിച്ചു. 80 കോടി രൂപ ചെലവില്‍ കോണ്‍കോഡ് ഹില്‍സ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് സെന്റര്‍ സ്ഥാപിക്കും. ടൂറിസത്തിനായി 340 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ സമ്മിറ്റില്‍ സന്നദ്ധത അറിയിച്ചു.
ബീച്ച് ടൂറിസം, ഹെറിറ്റേജ് ടൂറിസം, അഗ്രികള്‍ച്ചറല്‍ ടൂറിസം, ഐ.ടി മേഖലകളില്‍ നിക്ഷേപം നടത്താന്‍ പല വ്യവസായികളും താല്പര്യം പ്രകടിപ്പിച്ചു. സമ്മിറ്റില്‍ എത്തിപ്പെടാന്‍ കഴിയാത്ത വ്യവസായികള്‍ക്ക് തുടര്‍ന്നും ജില്ല പഞ്ചായത്ത് ഇന്‍വെസ്റ്റേഴ്സ് ഹെല്പ് ഡെസ്ക് വഴി ആവശ്യമായ പിന്തുണ നല്‍കും. പ്രവാസി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂരില്‍ 100 ഏക്കര്‍ സ്ഥലത്ത് പ്രവാസി ടൗണ്‍ഷിപ് നിർമിക്കും.
ഡിജിറ്റല്‍ അക്കാദമി, ഷോപ്പിങ് മാളുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുന്‍നിര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്‍കുബേഷന്‍ -ബിസിനസ് സെന്ററുകള്‍ എന്നിവ കണ്ണൂരില്‍ ആരംഭിക്കാന്‍ പ്രവാസി സംരംഭകരും കൂട്ടായ്മകളും സന്നദ്ധത പ്രകടിപ്പിച്ചതായി പി.പി. ദിവ്യ അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കണ്ണൂരില്‍ നിക്ഷേപത്തിനായി സ്റ്റഡി വേള്‍ഡ് എജുക്കേഷന്‍ ഹോള്‍ഡിങ് ഗ്രൂപ്പ് ബന്ധപ്പെട്ടിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലകളിലേക്ക് എത്തിപ്പെടാനുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി ജില്ല പഞ്ചായത്ത് ബജറ്റില്‍ പ്രത്യേകം ഫണ്ട് വകയിരുത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രത്നകുമാരി, അഡ്വ. ടി. സരള, യു.പി. ശോഭ, ജില്ല പഞ്ചായത്ത് അംഗം വിജയന്, വ്യവസായ വകുപ്പ് ജില്ല ജനറല്‍ മാനേജര്‍ എ.എസ്. ഷിറാസ്, മാനേജര്‍ പി.വി. രവീന്ദ്രകുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
സ്ഥലപരിമിതി പ്രശ്നമാകില്ല; റവന്യൂ ഭൂമിയിലും സംരംഭം തുടങ്ങാം
കണ്ണൂർ: ഭൂമിയില്ലാത്തതിനാൽ ടൂറിസം മേഖലയിൽ നവസംരംഭ ആശയം നടപ്പാക്കാനാകാത്തവർക്ക് റവന്യൂ ഭൂമിയിലും സംരംഭം തുടങ്ങാം. വിശദ പദ്ധതിരേഖ സമർപ്പിച്ചാൽ സർക്കാർ പങ്കാളിത്തത്തോടെയാണ് ഇത് സാധ്യമാകുക. കണ്ണൂരിലെ പ്രവാസി നിക്ഷേപക സംഗമത്തിൽ കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ് ഇത്തരം സാധ്യതകൾ പരിചയപ്പെടുത്തിയതോടെ പ്രതീക്ഷയുടെ പുതുവഴിയിലാണ് നിക്ഷേപകരും സംരംഭകരും. കേരള ടൂറിസത്തിന്റെ സാധ്യതകളും അവസരങ്ങളുമാണ് രണ്ടാമത്തെ ദിനത്തിലെ സെഷനിൽ സജീഷ് പരിചയപ്പെടുത്തിയത്.
യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള 14 ഇടങ്ങളും കേരളത്തിലാണ്. ടൂറിസം സംരംഭത്തിനുള്ള സുരക്ഷിത താവളമാണ് മലബാറെന്ന് കണ്ണൂരിലെ ടൂറിസം നിക്ഷേപ സാധ്യത പരിചയപ്പെടുത്തിയ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ് പറഞ്ഞു. മെഡിക്കൽ ടൂറിസം, ഇക്കോ ടൂറിസം, റെസ്പോൺസബിൾ ടൂറിസം, ഫാം ടൂറിസം തുടങ്ങിയവക്ക് മികച്ച സാധ്യതകളാണ് കണ്ണൂരിലുള്ളത്. മലയോര ഹൈവേ, ആറുവരി ദേശീയപാത, വിമാനത്താവളം, തുറമുഖ സൗകര്യങ്ങൾ, ആഭ്യന്തര ജലപാതകൾ തുടങ്ങിയവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി അതിവേഗം ജില്ലയിലെ ടൂറിസം മേഖലക്ക് വളരാൻ കഴിയുമെന്നും മനോജ് പറഞ്ഞു. ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ കൂടുതൽ അടുത്തറിഞ്ഞതോടെ വ്യത്യസ്ത ആശയങ്ങൾ നടപ്പാക്കുമെന്ന് തുടർന്ന് നടന്ന ചർച്ചയിൽ നിക്ഷേപകർ ഉറപ്പുനൽകി.
ജില്ലയുടെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തണം -മന്ത്രി മുഹമ്മദ് റിയാസ്
ടൂറിസം മേഖലയില്‍ അനന്ത വികസന നിക്ഷേപ സാധ്യതയുള്ള ജില്ലയാണ് കണ്ണൂരെന്നും അതുപയോഗപ്പെടുത്താന്‍ നിക്ഷേപക സംഗമത്തിന് കഴിയണമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രവാസി നിക്ഷേപക സംഗമത്തിന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടല്‍ തീരം, കണ്ടല്‍ക്കാടുകള്‍, കായലുകള്‍, മലനിരകള്‍ തുടങ്ങി ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങളേറെയാണ്. തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാന കലകളും കൈത്തറിയും കരകൗശല മേഖലകളുമെല്ലാം കണ്ണൂരിനെ വ്യത്യസ്തമാക്കുന്നു. മുഴപ്പിലങ്ങാട് ബീച്ചില്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കെ.ടി.ഡി.സിയുടെ സ്റ്റാര്‍ ഹോട്ടല്‍ വരാന്‍ പോകുന്നു. മികച്ച താമസ സൗകര്യങ്ങളുടെ അഭാവമാണ് കണ്ണൂരിന്റെ സാധ്യതകളെ പിന്നോട്ടടിപ്പിക്കുന്ന ഒരു ഘടകം. ഈ മേഖലയില്‍ നിക്ഷേപ സംരംഭങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്. ടൂറിസം മേഖലക്കായി നവംബര്‍ 16ന് സംസ്ഥാന തലത്തില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ.ടി.ഒ മോഹനന്, എം.എല്‍.എമാരായ കെ.വി സുമേഷ്, സജീവ് ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, നോര്‍ക്ക ഡയറക്ടര്‍ ഒ.വി മുസ്തഫ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ.എസ് ഷിറാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

