കണ്ണൂര്‍ വിമാനത്താവളത്തില്‍ വൈദ്യുതി നിലച്ചിട്ട് നാലാം നാള്
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൈദ്യുതി നിലച്ചിട്ട് ഇന്ന് നാലാം നാള്. കെ.എസ്.ഇ.ബിയുടെ കേബിളിലെ തകരാറാണ് വൈദ്യുതി മുടങ്ങാന്‍ കാരണം. വിമാനത്താവളത്തിന് പ്രതിദിനം നഷ്ടമാകുന്നത് ലക്ഷക്കണക്കിന് രൂപയാണ്. കെ.എസ്.ഇ.ബിയുടെ ചാവശ്ശേരിയിലെ സബ് സ്റ്റേഷനില്‍നിന്നും ഭൂഗര്‍ഭ കേബിള്‍ വഴിയാണ് വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. സബ്സ്റ്റേഷനില്‍നിന്നും വൈദ്യുതി പ്രവഹിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
ഭൂഗര്‍ഭ കേബിള്‍ ആയതിനാല്‍ തന്നെ എവിടെയാണ് തകരാറെന്ന് കണ്ടെത്തുന്നതിലെ പ്രയാസമാണ് കാലതാമസത്തിന് കാരണം. ഒടുവിലാണ് ചാവശ്ശേരി ടൗണില്‍ തന്നെ കേബിള്‍ ഷോട്ട് ആയത് കണ്ടെത്തിയത്. നിലവില്‍ വൈദ്യുതി എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിലച്ചതോടെ ഭാരിച്ച ചെലവാണ് കിയാലിന് വന്നിരിക്കുന്നത്. വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതിനാൽ ലിറ്റർ കണക്കിന് ഡീസലാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ദിവസവും ചെലവ് വരുന്നത്.

