റോഡിൽ ചളിക്കുഴി; റോഡരികിൽ മാലിന്യം
text_fieldsതകർന്ന് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയ നടാൽ റോഡ്
കണ്ണൂർ: കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനയാത്ര അസാധ്യമാണ്. റോഡരികിലൂടെ നടന്നുപോവാനാണെങ്കിൽ മാലിന്യക്കൂനയും ദുർഗന്ധവും. നടാൽ നാരാണത്ത് പാലം റോഡിനാണ് ഈ ദുർഗതി. രാത്രിയുടെ മറവിലാണ് ഇവിടെ വീട്ടുമാലിന്യം തളളുന്നത്. തകർന്ന് കുണ്ടും കുഴിയുമായ റോഡിനരികിൽ മാലിന്യ നിക്ഷേപം കൂടിയായതോടെ യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിലായി.
തദ്ദേശവാസികളും വഴിയാത്രക്കാരും നിരന്തരം പരാതി നൽകിയിട്ടും ഒരു നടപടിയും കോർപറേഷൻ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. ദുർഗന്ധത്താൽ വഴിയാത്ര പോലും ബുദ്ധിമുട്ടാണ്. മഴ ആരംഭിച്ചതോടെ റോഡരികിൽ നിക്ഷേപിക്കുന്ന മാലിന്യം അഴുകി റോഡിൽ പരക്കുന്നതിനാൽ കാൽനട യാത്രക്കാർ ഏറെ പ്രയാസമനുഭവിക്കുകയാണ്.
ഭക്ഷണാവശിഷ്ടങ്ങൾ അടക്കം മാലിന്യം കൂമ്പാരമാകുന്നതിനാൽ തെരുവ് നായകളും പെരുകുന്നു. തെരുവ് നായുടെ ആക്രമണത്തിൽ നിഹാൽ എന്ന സംസാരശേഷിയില്ലാത്ത കുട്ടി മരിച്ചത് അടുത്ത പ്രദേശത്താണ്. ഈ സാഹചര്യത്തിൽ സ്കൂളിൽ പോവുന്ന കുട്ടികളുടെയും മറ്റും രക്ഷിതാക്കൾ പരിഭ്രാന്തിയിലാണ്. നേരത്തെ മാലിന്യം തള്ളുന്നതിനെതിരെ തദ്ദേശവാസികൾ നിരന്തരം പരാതിയും സമ്മർദവും ഉയർത്തിയതിനെ തുടർന്ന് ഇവിടെ നിരീക്ഷണ കാമറ സ്ഥാപിക്കാമെന്ന് കോർപറേഷൻ അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെട്ടിട്ടില്ല. നിരന്തര പ്രതിഷേധത്തെ തുടർന്ന് പ്രദേശത്തെ കൗൺസിലർ ഇടപെട്ട് കോർപറേഷൻ കഴിഞ്ഞ മാസം മാലിന്യം നീക്കം ചെയ്തിരുന്നെങ്കിലും ഏതാനും ദിവസം കൊണ്ട് തന്നെ മാലിന്യം വീണ്ടും കുന്നുക്കൂടി.
റോഡിന്റെ അവസ്ഥയും ദയനീയമാണ്. കുണ്ടും കുഴിയും ചളിയും മാലിന്യവും നിറഞ്ഞ റോഡിലൂടെ യാത്രക്കാരുമായി പോകാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ മടിക്കുന്നു. ഇതിന്റെ പേരിൽ പ്രദേശവാസികളും ഓട്ടോക്കാരും തമ്മിൽ തർക്കമുണ്ടാവാറുണ്ട്. റോഡിൽ കാമറ സ്ഥാപിക്കുന്നതോടപ്പം സഞ്ചാര യോഗ്യമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

