ജില്ലയിലെ പോസ്റ്റ് ഓഫിസുകൾക്ക് താഴുവീഴും; നിശ്ചിത ദിവസത്തിനകം വരുമാനം വർധിപ്പിക്കാൻ നിർദേശം
text_fieldsകണ്ണൂർ: കേന്ദ്ര സർക്കാർ തീരുമാന പ്രകാരം ലാഭത്തിലല്ലാത്ത പോസ്റ്റ് ഓഫിസുകൾ അടച്ചു പൂട്ടുമ്പോൾ ജില്ലയിൽ 10 എണ്ണത്തിന് താഴുവീഴും. ഒരു വർഷത്തെ ചെലവിന്റെ 20 ശതമാനം പോലും വരവില്ലാത്ത പോസ്റ്റ് ഓഫിസുകളാണ് അടച്ചുപൂട്ടുക. ഇതിന് മുന്നോടിയായി ഇത്തരം പോസ്റ്റ് ഓഫിസുകളിൽ വരുമാനം വർധിപ്പിക്കാൻ നിശ്ചിത സമയം നൽകി അധികൃതർ നിർദേശം നൽകി. നിശ്ചിത ദിവസങ്ങൾക്കകം പോസ്റ്റൽ നിക്ഷേപം, സേവിങ്സ്, ഇൻഷുറൻസ് എന്നിവയിൽ പരമാവധി ആളുകളെ ചേർത്ത് വരുമാനം കൂട്ടാനാണ് നിർദേശം.
മാസങ്ങൾക്ക് മുന്നേ ചിറക്കൽ പോസ്റ്റ് ഓഫിസ് നഷ്ടം കാരണം പൂട്ടിയിരുന്നു. ഇനി വരുമാനം വർധിപ്പിക്കുന്ന ഓഫിസുകൾ പൂട്ടില്ല. കെട്ടിടവാടകയും മറ്റു ചെലവുകളുമടക്കം ഒരു വർഷം വലിയ സാമ്പത്തിക ബാധ്യതയാണ് ഓരോ പോസ്റ്റ് ഓഫിസുകൾക്കും ഉണ്ടാവുന്നത്. സ്വന്തം കെട്ടിടമുള്ള പോസ്റ്റ് ഓഫിസുകൾ ജില്ലയിൽ വിരളമാണ്. ബാക്കിയെല്ലാം വലിയ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്.
വർഷങ്ങളായി വൻ സാമ്പത്തിക ബാധ്യതയാണ് ഓരോ പോസ്റ്റ് ഓഫിസും ഇത്തരത്തിൽ വരുത്തി വെച്ചിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാടകക്ക് പുറമെ വൈദ്യുതി ബിൽ, ശമ്പളം, മറ്റു ചെലവുകൾ എന്നിവയും ബാധ്യതയാണ്. ജീവനക്കാരാണെങ്കിൽ പലയിടത്തും ആളുകളെ കണ്ട് പോസ്റ്റൽ സേവനങ്ങൾ പറഞ്ഞു കൊടുത്ത് ഇൻഷുറൻസിലും സേവിങ്സ് ചേർക്കാൻ തയാറാവുന്നില്ലെന്നും മേലധികാരികൾ കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ലഭിക്കുന്നതിനേക്കാൾ സാമ്പത്തിക സുരക്ഷ പോസ്റ്റൽ സേവനങ്ങളിൽ ലഭിക്കുമ്പോഴും അതേപറ്റി പൊതുജനങ്ങൾക്ക് ധാരണയില്ല.
കത്തുകളും സാധനങ്ങളും അയക്കുന്നതിനു പുറമെ പോസ്റ്റ് ഓഫിസുകളിൽ മറ്റു നിരവധി ഇടപാടുകളും ലഭ്യമാണ്. ചിലയിടങ്ങളിലെ ജീവനക്കാരുടെ അനാസ്ഥയാണ് ബ്രാഞ്ച് ഓഫിസുകൾ നഷ്ടത്തിലാവാൻ കാരണം. ചിലർ വിരമിച്ച ശേഷവും ദിവസക്കൂലിയിനത്തിൽ പോസ്റ്റ് ഓഫിസുകളിൽ പണിയെടുക്കുന്നുണ്ട്. മറ്റിടങ്ങളിൽ വേറെ ജോലിയുള്ളവരും പോസ്റ്റൽ ജോലി ഭാഗികമായി ചെയ്യുന്നുണ്ട്. ഇത്തരക്കാർ സ്ഥാപനത്തിന്റെ നില മെച്ചപ്പെടുത്താനുള്ള ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടാൻ നീക്കം നടത്തുന്നുവെന്ന് പറഞ്ഞ് ചിലയിടങ്ങളിൽ പ്രതിഷേധ സമരങ്ങൾക്ക് നീക്കം തുടങ്ങിയതിനാലും വരുമാനം വർധിപ്പിക്കാൻ നിശ്ചിത സമയം നൽകിയതിനാലും അടച്ചുപൂട്ടാൻ തീരുമാനിച്ചവയുടെ പട്ടിക അധികൃതർ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ലാഭമുണ്ടാവുന്നില്ലെങ്കിലും നഷ്ടത്തിന്റെ 20 ശതമാനമെങ്കിലും തിരികെ കിട്ടാത്തവ സർക്കാർ തീരുമാനപ്രകാരം പൂട്ടുകയേ നിർവാഹമുള്ളൂവെന്നും ഗ്രാമീണ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ആവശ്യം പരിഗണിച്ച് നഷ്ടം സഹിച്ചും പരമാവധി നിലനിർത്തുമെന്നും കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് 'മാധ്യമ'ത്തോട്
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

