നോക്കുകുത്തിയായി പൊലീസ് ഔട്ട് പോസ്റ്റ്
text_fieldsവർഷങ്ങളായി പ്രവർത്തിക്കാത്ത ന്യൂമാഹി പൊലീസ് ഔട്ട് പോസ്റ്റിന് മുന്നിൽ ബസ് കാത്തു നിൽക്കുന്നവർ
മാഹി: മാഹിപ്പാലത്തിന് സമീപത്തെ പൊലീസ് ഔട്ട് പോസ്റ്റ് നോക്കുകുത്തിയായി. അടച്ചു പൂട്ടിയ ഔട്ട് പോസ്റ്റിന്റെ ഷീറ്റ് തുരുമ്പ് പിടിച്ച് ദ്രവിക്കാനും മേൽക്കൂരയിലെ ഓട് പൊളിഞ്ഞ് അകം നനയാനും തുടങ്ങി. ദേശീയപാതയിലെ ജനത്തിരക്കേറിയ കവലയാണ് മാഹിപാലം പരിസരം. ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടിയതോടെ അനാഥമായി കിടക്കുകയാണ് പൊലീസ് ഔട്ട് പോസ്റ്റ്.
2006ൽ കോടിയേരി ബാലകൃഷ്ണൻ എം.എൽ.എയായപ്പോഴാണ് ഇത് സ്ഥാപിച്ചത്. 24 മണിക്കൂറും പ്രവർത്തിച്ച ഔട്ട് പോസ്റ്റിൽ ആദ്യകാലത്ത് എ.എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായത്. പിന്നീട് ഗതാഗത നിയന്ത്രണത്തിന് ഇവിടെ ഒരു ഹോം ഗാർഡ് മാത്രമായി മാറി. വർഷങ്ങളായി ഇതും നിലച്ച മട്ടാണ്. മാഹിപ്പാലത്തിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരെ ദേശീയപാതയിൽനിന്ന് മാറി മാക്കൂട്ടം - പാറാൽ റോഡിലാണ് ന്യൂമാഹി പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മാഹി പാലത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ പൊലീസിന് ഉടൻ ഇവിടെ എത്താൻ കഴിയാറില്ല.
കണ്ണൂർ ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസുകളുടെ മത്സരയോട്ടം തടയാനും ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായാണ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്. പൊലീസ് ഔട്ട് പോസ്റ്റ് അടച്ചതോടെ മാഹിയിൽ നിന്ന് മദ്യപിച്ചെത്തുന്നവരുടെ ശല്യവും വർധിച്ചതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

