മണല്‍ മാഫിയയിൽനിന്ന് മാസപ്പടി; പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: മണല്‍ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഇവരില്‍നിന്ന് മാസപ്പടി കൈപ്പറ്റുകയും ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ. പഴയങ്ങാടി സ്റ്റേഷനിലെ ഡ്രൈവറും നിലവിൽ തളിപ്പറമ്പിലെ ജില്ല റൂറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജോലി ചെയ്യുന്നയാളുമായ പയ്യന്നൂര്‍ സ്വദേശി മിഥുനിനെയാണ് ജില്ല പൊലീസ് സൂപ്രണ്ട് അനൂജ് പലിവാളിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എ.ഐ.ജി ജെ.പൂങ്കുഴലി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് മിഥുനിനെ പഴയങ്ങാടിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റിയത്.
മണല്‍ മാഫിയയുമായുള്ള ബന്ധം കാരണം നിരവധി തവണ പഴയങ്ങാടി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് നടപടി നേരിടേണ്ടിവന്നിരുന്നു. മിഥുന്‍ മണല്‍ പിടികൂടുന്നതില്‍ സജീവമായിരുന്നു. നിരവധി മണല്‍ ലോറികള്‍ മിഥുന് ലഭിച്ച വിവരപ്രകാരം പഴയങ്ങാടി പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, മാട്ടൂല്‍-പുതിയങ്ങാടി മണല്‍ മാഫിയ സംഘത്തിലെ ഒരു വിഭാഗവുമായി മിഥുന്‍ ഒത്തുകളിച്ച് മറ്റേ സംഘത്തെ പിടികൂടാന്‍ ഓഫിസര്‍മാര്‍ക്ക് വിവരം നല്‍കുകയായിരുന്നു. പല തവണകളായി മണല്‍ മാഫിയയില്‍ നിന്നും പണവും മദ്യവും ഇയാള്‍ കൈപ്പറ്റിയതായി സമ്മതിച്ചിട്ടുണ്ട്.
സ്‌നാപ്പ് ചാറ്റുവഴിയാണ് സ്റ്റേഷനിലെ രഹസ്യങ്ങള്‍ മണല്‍ മാഫിയ സംഘത്തിന് കൈമാറിയത്. മിഥുനുമായി അടുത്ത ബന്ധമുള്ള മണല്‍ മാഫിയയെ പിടികൂടാന്‍ പഴയങ്ങാടി ഇൻസ്പെക്ടറും സംഘവും സ്റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോള്‍തന്നെ ഡ്രൈവറായ മിഥുന്‍ വിവരം ചോര്‍ത്തി നല്‍കിയിരുന്നു.
രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് മിഥുനിനെയും പഴയങ്ങാടി സ്റ്റേഷനിലെ ഒരു എസ്.ഐ, മൂന്നു പൊലീസുകാര്‍ എന്നിവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. മണല്‍ മാഫിയ സംഘം എരിപുരത്തെ ഒരു ഹോട്ടലില്‍ പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്തിയ വിവരമടക്കം വിജിലന്‍സ് ശേഖരിച്ചു. തുടര്‍ന്ന് മിഥുനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ മണല്‍ മാഫിയയില്‍നിന്ന് പണം വാങ്ങിയ കാര്യം വിജിലന്‍സിനോട് സമ്മതിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

