Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലാസ്റ്റിക് മുക്ത...

പ്ലാസ്റ്റിക് മുക്ത കണ്ണൂർ; പിഴയീടാക്കിത്തുടങ്ങി

text_fields
bookmark_border
പ്ലാസ്റ്റിക് മുക്ത കണ്ണൂർ; പിഴയീടാക്കിത്തുടങ്ങി
cancel
Listen to this Article

കണ്ണൂർ: പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികൾ കൂടുതൽ കർശനമാക്കി കണ്ണൂർ. ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വിൽപനയും തടയാനായി വ്യാപക പരിശോധനയും പിഴയീടാക്കലും തുടങ്ങി. കടകളിലും സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 10,000 രൂപയും കുറ്റം ആവർത്തിച്ചാൽ 50,000 രൂപ വരെയുമാണ് പിഴ. ഇതിനായി വ്യാപാരികളെ അടക്കം ഉൾപ്പെടുത്തി ജില്ല കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ആഴ്ചതോറും നടപടികൾ ജില്ല കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. നേരത്തെ തന്നെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും ഇപ്പോഴാണ് നടപടി ശക്തമാക്കിയത്.

വിവിധ പഞ്ചായത്തുകൾ പ്ലാസ്റ്റിക് നിയന്ത്രണവും നടപടികളും സംബന്ധിച്ച അറിയിപ്പ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നൽകിയിട്ടുണ്ട്. നേരത്തെ കോവിഡ് സാഹചര്യത്തിൽ വ്യാപാരികൾക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി കൂടുതൽ സമയം അനുവദിച്ചിരുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് നടപടിയെടുക്കുന്നത് നീണ്ടുപോയത്.

ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവക്കും നിയന്ത്രണമുണ്ട്. തദ്ദേശതലത്തിൽ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് സംഘം രൂപവത്കരിച്ചാണ് പരിശോധനകൾ.

പ്ലാസ്റ്റിക്കിന് ബദല്‍ ഉൽപന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്.

ബ്ലോക്ക് തലത്തിൽ മികച്ച സര്‍ക്കാര്‍ ഹരിത സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരവും നല്‍കും. ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വിൽപനയും തടയാനായി പരിശോധനകൾ കർശനമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.

വീടുകളിൽനിന്നും ഹരിതകർമസേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ജില്ലയില്‍ തന്നെ റീസൈക്ലിങ് ചെയ്യാനായി ജില്ല പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും ചേർന്ന് സമ്പൂര്‍ണ റീസൈക്ലിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും കമ്പനി വളപട്ടണത്തെ ഗോഡൗണില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. യൂനിറ്റ് യാഥാർഥ്യമായാല്‍ മാലിന്യം ജില്ലയില്‍ തന്നെ റീസൈക്ലിങ് ചെയ്യാനാകും. പുനഃചക്രമണ പ്ലാസ്റ്റിക് ഏറ്റവും കൂടുതല്‍ ശേഖരിക്കുന്നത് ജില്ലയാണ്. നിലവില്‍ ജില്ലയിലെ 66 പഞ്ചായത്തുകളും രണ്ടു നഗരസഭകളുമാണ് ക്ലീന്‍ കേരളക്ക് മാലിന്യം കൈമാറുന്നത്. അതേസമയം, ഹരിതകർമസേനയോട് സഹകരിക്കാത്ത വീട്ടുടമകൾക്കെതിരെയും നടപടി തുടങ്ങി. ഹരിതകർമസേനക്ക് യൂസർഫീ നൽകി മാലിന്യം കൈമാറുകയോ ശാസ്ത്രീയമായി സംസ്കരിക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് കതിരൂർ പഞ്ചായത്തിലടക്കം താൽക്കാലികമായി 10,000 രൂപ പിഴയീടാക്കിയത്.

Show Full Article
TAGS:Plastic Free Kannur 
News Summary - Plastic free Kannur; Started paying fines
Next Story