സസ്യവർഗങ്ങളുടെ പട്ടികയിലേക്ക് കുഞ്ഞിമംഗലത്തുനിന്ന് പുതിയ അതിഥി
text_fieldsകുഞ്ഞിമംഗലത്ത് പൊരൂണിവയലിൻ കണ്ടെത്തിയ ഡൈമേറിയ രാജനിയാന എന്ന പുതിയ സസ്യം
പയ്യന്നൂർ: പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പരപ്പുകളിലും സുലഭമായി കണ്ടുവരുന്ന നെയ്പ്പുല്ലിന്റെ സ്പീഷീസിൽപെടുന്ന പുതിയൊരു ചെടികൂടി ഗവേഷകർ കണ്ടെത്തി. ജില്ലയിൽ കുഞ്ഞിമംഗലം പഞ്ചായത്തിലെ താമരംകുളങ്ങരയിൽ കണ്ടൽക്കാടുകളോട് ചേർന്ന ഉപ്പുവെള്ളം കയറുന്ന പൊരൂണി വയലിൽനിന്നാണ് പുതിയ സസ്യത്തെ ഗവേഷകർ തിരിച്ചറിഞ്ഞത്.
പശ്ചിമഘട്ടമലനിരകളിലും ചെങ്കൽപാറകൾക്കിടയിലും കണ്ടുവരുന്ന 23 ഇനം ഡൈമേറിയ സ്പീഷീസുകളിൽനിന്ന് വളരെ വ്യത്യസ്തമാണ് ഉപ്പുവെള്ളതിന്റെ സാന്നിധ്യമുള്ള പൊരൂണിവയലിൽ വളരുന്ന ഈ പുൽച്ചെടി. ഡൈമേറിയ രാജനിയാന എന്ന് പേരുനൽകിയ ഇത് ആലപ്പുഴ ഭാഗത്ത് നിന്നും രേഖപ്പെടുത്തിയ ഡൈമേറിയ കോപ്പിയാന എന്ന സ്പീഷീസിൽനിന്ന് ഏറെ വിഭിന്നവുമാണ്.
പരിസ്ഥിതിപ്രവർത്തകൻ പി.പി. രാജൻ
കണ്ടൽക്കാടുകളുടേയും ഇടനാടൻ കുന്നുകളുടേയും ജൈവവൈവിധ്യങ്ങളുടേയും സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച എടാട്ട് താമരംകുളങ്ങരയിലെ പരിസ്ഥിതിപ്രവർത്തകനായ പി.പി. രാജനോടുള്ള ആദരസൂചകമായാണ് പുതിയ സസ്യത്തിന് ഡൈമേറിയ രാജനിയാന (Dimeria Rajaniana) എന്ന പേര് നൽകിയിരിക്കുന്നത്. പുതിയ ചെടി കണ്ടെത്തിയ പൊരൂണി വയലിലും സമീപമുള്ള ചതുപ്പിലും കണ്ടൽക്കാടുകൾ നശിപ്പിച്ചും കെട്ടിടാവശിഷ്ടമുൾപ്പെടെ നിക്ഷേപിച്ച് തണ്ണീർത്തടം നികത്തിയതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി കേരള ഹൈകോടതിയിൽനിന്ന് അനുകൂലമായ വിധി സമ്പാദിക്കുകയും വിധി നടപ്പിലാക്കുന്നതിന് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തതുകൂടി കണക്കിലെടുത്താണ് പി.പി. രാജന്റെ പേരുതന്നെ ചെടിക്ക് നൽകിയതെന്ന് ഗവേഷകസംഘം പറഞ്ഞു.
സസ്യശാസ്ത്ര ഗവേഷകരായ ഡോ. എം.കെ. രതീഷ് നാരായണൻ (പയ്യന്നൂർ കോളജ്), ഡോ. സി.എൻ. സുനിൽ (എസ്.എൻഎം കോളജ്, മാലിയേങ്കര, എറണാകുളം), സിദ്ധാർഥ് എസ്. നായർ, കെ. ഛൈത്ര, എംകെ. ലക്ഷ്മി നന്ദന എന്നിവരടങ്ങിയ സംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തി ശാസ്ത്രലോകത്തെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

