സർക്കാർ ഒന്നാം വാർഷികാഘോഷത്തിന് ഇന്നു തുടക്കം; മുഖ്യമന്ത്രിയടക്കം മന്ത്രിമാർ കണ്ണൂരിൽ
text_fieldsസർക്കാർ വാർഷികാഘോഷത്തിന്റെ പ്രചരണാർഥം കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എക്സിബിഷൻ ഹാളിന്റെ കെ. റെയിൽ മാതൃകയിൽ ഒരുക്കിയ പ്രവേശന കവാടം
കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനിയിൽ ഞായറാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊലീസ് മൈതാനിയിൽ ഏപ്രിൽ മൂന്നു മുതൽ 14 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം.വി. ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, എം.എൽ.എമാർ, എം.പിമാർ, ചീഫ് സെക്രട്ടറി വി.പി. ജോയി, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുക്കും. പൊലീസ് മൈതാനിയിലെ 'എന്റെ കേരളം' അരങ്ങിൽ എല്ലാ ദിവസവും വൈകീട്ട് ആറിന് കലാസാംസ്‌കാരിക സന്ധ്യ അരങ്ങേറും.
തൊഴില്‍ വകുപ്പ് സ്റ്റാളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം
സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ (സ്റ്റാള്‍ നമ്പര്‍ -63) ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നതിനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷനും സൗകര്യം ലഭിക്കും. ഇതുവരെ ആവാസ് രജിസ്‌ട്രേഷന്‍ ചെയ്യാത്ത തൊഴിലാളികളെ കൗണ്ടറില്‍ എത്തിക്കുന്നതിന് തൊഴിലുടമകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു.
പദ്ധതികളെക്കുറിച്ചും വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങളും സ്റ്റാളില്‍ ലഭിക്കും.
നാടിനെ അടുത്തറിയാൻ 'എന്റെ കേരളം' മെഗാ എക്സിബിഷൻ
കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ 'എന്റെ കേരളം' മെഗാ എക്സിബിഷൻ ഒരുങ്ങി. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചക്കൊപ്പം നാടിനെ അടുത്തറിയാൻ കൂടിയുള്ളതാണ് എക്‌സിബിഷൻ.
കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്‌കരിക്കുന്ന ടൂറിസം വകുപ്പിന്റെ 'കേരളത്തെ അറിയാം' തീം പവലിയൻ, കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്നസാധ്യതകളും അണിനിരത്തുന്ന ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ 'എന്റെ കേരളം' തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ് സംരംഭങ്ങളുടെയും സ്റ്റാൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ്ബി സ്റ്റാൾ എന്നിവ എക്‌സിബിഷന്റെ ആകർഷണമാവും.
കൈത്തറി ഉൽപന്നങ്ങളുമായി ഹാൻടെക്‌സും ഹാൻവീവും കൈത്തറി സൊസൈറ്റികളും മേളയിൽ അണിനിരക്കും. ഫിഷറീസ് വകുപ്പിന്റെ മത്സ്യക്കുളം, കേരള പൊലീസിന്റെ ഡോഗ് ഷോ, ജില്ല പഞ്ചായത്തിന്റെ ഉരു എന്നിവ ആകർഷണമാവും. കുടുംബശ്രീ മിഷൻ, കെ.ടി.ഡി.സി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്‌സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ ഫുഡ് കോർട്ടുകളുണ്ടാവും. മലബാർ കാൻസർ സെന്റർ സ്റ്റാളിൽ വിവിധ കാൻസർ വിഭാഗങ്ങളിലെ നൂതന ചികിത്സ സൗകര്യങ്ങൾ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
അർബുദ കോശങ്ങളെ മൈക്രോസ്‌കോപ്പിൽ വീക്ഷിക്കാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകും. സസ്യാരോഗ്യ ക്ലിനിക്, പച്ചക്കറിത്തൈകൾ, വിത്തുകൾ, കൈപ്പാട് അരി, കുറ്റ്യാട്ടൂർ മാങ്ങ എന്നിവയും അവയുടെ മൂല്യവർധിത ഉൽപന്നങ്ങളുമായി കൃഷി വകുപ്പിന്റെ സ്റ്റാൾ പ്രവർത്തിക്കും.
സെൻട്രൽ ജയിൽ ആൻഡ് കറക്ഷനൽ ഹോം അതിന്റെ തനത് മാതൃകയിലാണ് സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. സെൻട്രൽ ജയിലിന്റെ പ്രധാന ഓഫിസിന്റെ മാതൃകയിലുള്ള കവാടം, ജയിലിന്റെ മിനിയേച്ചർ പ്രദർശനവും വിവരണവും, ജയിൽ സെല്ലുകളുടെയും തൂക്കു മരത്തിന്റെയും മാതൃകകൾ, ജയിൽ അന്തേവാസികളുടെ കരവിരുതിൽ നിർമിച്ചെടുത്ത ഉൽപന്നങ്ങളുടെ പ്രദർശനം, ജയിൽ ഫുഡ് കോർട്ട് എന്നിവയുണ്ട്. ഏപ്രിൽ 14 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

