പാപ്പിനിശ്ശേരി-പിലാത്തറ മരണപാതയിൽനിന്ന് കരകയറ്റാൻ അധികൃതർ കനിയണം
text_fieldsപാപ്പിനിശ്ശേരി: 21 കിലോമീറ്റർ ദൈർഘ്യമുള്ള പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടങ്ങളുടെ മരണപാതയാകുന്നു. റോഡ് നവീകരിച്ച് ഏഴ് വർഷം പൂർത്തിയാകുമ്പോഴേക്കും ഇവിടെ 130 ഓളം പേർ വാഹനാപകടങ്ങളിൽ മരിച്ചതായാണ് കണക്ക്. ആയിരത്തിലേറെ അപകടങ്ങളിലായി ആയിരത്തോളം പേർക്ക് പരിക്കേറ്റതായും ഗുരുതരമായി പരിക്കേറ്റ നൂറോളം പേർ ദുരിതം പേറുന്നതായും പ്രദേശവാസികൾ പറയുന്നു. 2018 നവംബർ 24നാണ് പിലാത്തറ–പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, നവീകരിച്ച റോഡിൽ അപകടങ്ങളും മരണങ്ങളും തുടർച്ചയായതോടെ പാതയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമാവുകയാണ്.
ഏറ്റവും ഒടുവിൽ കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ദ്വാരകയിൽ കാങ്കോട് നിർമൽകുമാർ (64) ബൈക്കിടിച്ച് മരിച്ചു. മാതാവിനെ കാണാൻ അവധിക്ക് നാട്ടിലെത്തിയ നിർമൽകുമാർ സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്. ഇതേ പ്രദേശത്ത് ദിവസങ്ങൾക്കുമുമ്പും വാഹനാപകടത്തിൽ മരണം സംഭവിച്ചിരുന്നു. സെപ്റ്റംബർ 14ന് പ്രഭാതസവാരിക്കിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇരിണാവ് സ്വദേശി കെ.വി. ശശിധരൻ മരിച്ചിരുന്നു. ഇരിണാവിനും കല്യാശ്ശേരി–കണ്ണപുരം പാലത്തിനുമിടയിൽ മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ അപകടങ്ങളിലായി ഏഴ് പേർ മരിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.
അപകടങ്ങൾ ആവർത്തിക്കുമ്പോഴും റോഡിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് നവീകരണഘട്ടത്തിൽ തന്നെ ഡിവൈഡർ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ നേതൃത്വങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ പറയുന്നു. ഭാരവാഹനങ്ങൾ ഉൾപ്പെടെ വലിയ തോതിൽ വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ അപകടസാധ്യത വർധിച്ചുവരുകയാണ്. ഓരോ അപകടവും കുടുംബങ്ങളുടെ പ്രതീക്ഷകൾ തകർക്കുമ്പോൾ ഗുരുതരമായി പരിക്കേൽക്കുന്നവരുടെ ജീവിതവും ദുരിതത്തിലാകുന്നു.
അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ കെ.എസ്.ടി.പി. റോഡിൽ അടിയന്തര സുരക്ഷാ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

