മൃഗാശുപത്രി ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ച രണ്ടുപേർ പിടിയിൽ
text_fieldsപെരിങ്ങത്തൂർ: പുല്ലൂക്കര മൃഗാശുപത്രി ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. സമാന കേസുകളിൽ ശ്രീകണ്ഠപുരം, മട്ടന്നൂർ പൊലീസ് പിടികൂടിയ പയ്യന്നൂർ സ്വദേശി ലിജീഷ്, തൃക്കരിപ്പൂരിലെ രാമചന്ദ്രൻ എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ആഗസ്ത് 26ന് ഉച്ചക്ക് 12.30 ഓടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേർ മൃഗാശുപത്രി ജീവനക്കാരി നിടുമ്പ്രത്തെ നളിനിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. സംഭവത്തിൽ കേസെടുത്ത ചൊക്ലി പോലീസ് പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തി വരികയായിരുന്നു.
മോഷ്ടിച്ച മാല പയ്യന്നൂരിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ വിറ്റതായി പ്രതികൾ പറഞ്ഞു. പൊലീസ് ഇത് കണ്ടെടുത്തു. ചൊക്ലി പോലീസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി പുല്ലൂക്കരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.