വിവാഹവീട്ടിൽ മോഷണം; യുവാവ് പിടിയിൽ
text_fieldsപെരിങ്ങത്തൂർ: കല്യാണ വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തിൽനിന്ന് രണ്ട് പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. മേക്കുന്ന് കണ്ടോത്ത് അമ്പലം സ്വദേശി രവീഷിനെയാണ് (41) ചൊക്ലി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം. കീഴ്മാടത്ത് നടന്ന കല്യാണത്തിനെത്തിയ നോർത്ത് ഒളവിലം സ്വദേശി ദിബീഷിന്റെ നാലരവയസ്സുള്ള മകന്റെ കഴുത്തിലണിഞ്ഞ രണ്ട് പവന്റെ മാലയാണ് യുവാവ് കവർന്നത്.
മാല കാണാതായതിനെ തുടർന്ന് ആളുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ചൊക്ലി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ്, കെട്ടിടത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.