സി.പി.എം നേതാവിനെയും കുടുംബത്തെയും ആക്രമിച്ചു
text_fieldsപെരിങ്ങത്തൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും വീട്ടിൽ കയറി മർദിച്ചു. വീടിെൻറ ജനൽ ചില്ലുകളും കസേരകളും സ്റ്റൂളുകളും അടിച്ചുതകർത്തു. പെരിങ്ങത്തൂർ ലോക്കലിൽ കിടഞ്ഞി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയംഗവും കരിയാട് യൂനിറ്റ് സെക്രട്ടറിയുമായ ടി. ദാസനെയും (64) ഭാര്യ ഉഷ)യെയുമാണ് (52) ആക്രമിച്ചത്.
വെള്ളിയാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. സാരമായ പരിക്കേറ്റ ഇരുവരെയും തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊക്ലി പൊലീസിൽ പരാതി നൽകി. വർഷങ്ങൾക്കുമുമ്പ് നടന്ന ഒരു വാഹനാപകടത്തിൽ ദാസെൻറ വലതുകൈ നഷ്ടപ്പെട്ടിരുന്നു. ദാസനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ സി.പി.എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു.