കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള പാത; പ്രതിഷേധത്തിനിടെ അടയാള കുറ്റികൾ സ്ഥാപിച്ചു
text_fieldsപൊലീസ് കാവലിൽ പെരിങ്ങളം വില്ലേജ് ഓഫിസ് മുറ്റത്ത്
അടയാളക്കുറ്റി സ്ഥാപിക്കുന്നു
പെരിങ്ങത്തൂർ: കീഴ്മാടം വഴി കടന്നുപോകുന്ന കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള പാതക്കായി കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശത്ത് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ചൊക്ലി പൊലീസ് ഇൻസ്പെക്ടർ ഷാജുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെ അടയാള കുറ്റികൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയത്.
ഒരു മുന്നറിയിപ്പും നൽകാതെ അടയാള കുറ്റികൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാവശ്യപ്പെട്ട് കിടപ്പാടം നഷ്ടപ്പെടുന്ന പ്രദേശത്തെ സ്ത്രീകളടക്കമുള്ളവർ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. കുറ്റി സ്ഥാപിക്കാൻ സൗകര്യപ്പെടുത്തുന്നതിനായി സ്ഥലത്തെ സ്ത്രീകളെ വനിത പൊലീസ് സംഘം ബലമായി മാറ്റി.
എന്നിട്ടും പ്രതിഷേധം തുടർന്നതോടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് ചൊക്ലി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കീഴ്മാടം കച്ചേരി മൊട്ടയിലെ മീത്തലെ കൂലോത്ത് മുനീർ, സാബിർ, മേക്കുന്നിലെ സമീർ, ഷംസുദ്ദീൻ, പെട്ടിപ്പാലത്തെ ആസിഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വൈകീട്ടോടെ വിട്ടയച്ചു.
പ്രദേശത്ത് കനത്ത പൊലീസ് കാവലിൽ 400 മീറ്റർ സ്ഥലത്തായി 30 അടയാളക്കുറ്റികൾ സ്ഥാപിച്ചു. മേക്കുന്ന് മുതൽ കീഴ്മാടം വരെയുള്ള പ്രദേശങ്ങളിൽ 80 ഓളം വീടുകൾ മാത്രം നഷ്ടപ്പെടുമെന്ന് പ്രദേശവാസികൾ പറയുന്നു. 40 മീറ്റർ വീതിയിലാണ് കച്ചേരിമൊട്ട ഭാഗത്ത് അടയാളക്കുറ്റികൾ സ്ഥാപിക്കുന്നത്.
ആളുകൾ തിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് ഇത്രയും വീതിയിൽ നിർദിഷ്ട റോഡ് വരുന്നതോടെ 25 സെന്റ് സ്ഥലവും വീടും നഷ്ടപ്പെടുമെന്നും ഞങ്ങൾ എവിടേക്ക് പോകുമെന്നും ആക്ഷൻ കമ്മിറ്റി പ്രവർത്തകനായ മീത്തലെ കൂലോത്ത് സാബിർ ചോദിച്ചു.