മൻസൂർ വധക്കേസ് പ്രതിയായ സി.പി.എം നേതാവിന്‍റെ വീടിന് തീവെച്ചു
text_fieldsപെരിങ്ങത്തൂർ (കണ്ണൂർ): മുസ്ലിംലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കരയിലെ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സി.പി.എം പ്രാദേശിക നേതാവിന്‍റെ വീടിന് അജ്ഞാതർ തീയിട്ടു. സി.പി.എം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ പി.പി. ജാബിറിന്‍റെ മുക്കിൽപീടിക വള്ളുകണ്ടിയിലെ വീടിനാണ് തീയിട്ടത്.
വീടിന്‍റെ പിറക് വശവും കാർ, രണ്ട് ടൂ വീലർ എന്നിവയും പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. സ്ഫോടനശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ചൊക്ലി പൊലീസും ഫയർ സർവിസും ചേർന്നാണ് തീ അണച്ചത്.
സംഭവസ്ഥലം കുത്തുപറമ്പ് എ.സി.പി, ചൊക്ലി എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്ദർശിച്ചു. തീവെച്ചവരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം പെരിങ്ങളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, ലോക്കൽ സെക്രട്ടറി എൻ. അനൂപ്, രമേശൻ, സത്യൻ, രഞ്ജിത്ത് എന്നിവർ വീട് സന്ദർശിച്ചു.