സി.പി.എമ്മുകാരനെ ആക്രമിച്ച കേസിൽ പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsഷറൂൺ
പെരിങ്ങത്തൂർ: ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ പ്രതിയായ സി.പി.എം പ്രവർത്തകനെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. മേനപ്രം കടുക്ക ബസാറിലെ മടയന്റവിട ഷറൂണിനെയാണ് (32) ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
പൂക്കോം കുന്നുമ്മക്കണ്ടി ലക്ഷം വീട് കോളനിയിലെ അനീസിനെ(35) ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് . ബുധനാഴ്ച രാത്രി 9.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. സംഘടിതമായെത്തിയ 10 അംഗം അനീസിനെ മരക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ദേഹമാസകലം പരിക്കേൽക്കുകയും കാലിന്റെ എല്ല് പൊട്ടുകയും ചെയ്തു. അനീസ് തലശ്ശേരി ഗവ.ആശുപത്രിയിൽ ചികിൽസയിലാണ്. അനീസിന്റെ ഭാര്യ ഫസീനയുടെ പരാതിയിൽ ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് അംഗം നവാസ് അടക്കം കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചൊക്ലി പൊലീസ് കേസെടുത്തിരുന്നു.