ആറളത്തെ കാട്ടാന തുരത്തൽ യജ്ഞം; രണ്ടാം ദിവസവും വിഫലം
text_fieldsആറളം ഫാമിൽ തുരത്തൽ യജ്ഞത്തിനിടെ വനപാലകരെ
വട്ടം കറക്കിയ കാട്ടാന
പേരാവൂർ: ആറളത്തെ കാട്ടാന തുരത്തൽ യജ്ഞം രണ്ടാം ദിവസവും വിഫലമായി. ബുധനാഴ്ച രാവിലെ 8.30ന് ആരംഭിച്ച ദൗത്യം, കാടിന്റെ മറപറ്റിയുള്ള കാട്ടാനകളുടെ നീക്കങ്ങൾ കാരണം ലക്ഷ്യത്തിലെത്താതെ അവസാനിപ്പിക്കേണ്ടി വന്നു. ഫാം സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ 25 അംഗങ്ങളടങ്ങിയ സന്നദ്ധ ദൗത്യസംഘമാണ് ബുധനാഴ്ച ഓപറേഷനിൽ പങ്കെടുത്തത്. ബ്ലോക്ക് -ഒന്ന് പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കൊമ്പനാനയെ കേന്ദ്രീകരിച്ചായിരുന്നു നീങ്ങിയത്.
മണിക്കൂറുകൾ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിൽ കൊമ്പനെ നിരന്നപാറ ഭാഗത്തേക്കെത്തിക്കാൻ ദൗത്യസംഘത്തിന് സാധിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്തെത്തിയപ്പോൾ ആന പെട്ടെന്ന് വഴിമാറി ഓടുകയായിരുന്നു. കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ ആന തന്ത്രപരമായി ഒളിച്ചിരിക്കുന്നത് ദൗത്യം പൂർത്തിയാക്കുന്നതിന് തടസ്സമായി.
ഫാം മേഖലയിലെ ദുർഘടമായ കാടുകളാണ് ആനകളെ വനത്തിലേക്ക് തുരത്തുന്നതിന് പ്രധാന തടസ്സമാകുന്നത്. വനംവകുപ്പിന്റെ ആവശ്യപ്രകാരം ആറളം ഫാർമിങ് കോർപറേഷൻ നിരന്നപാറ ഭാഗത്തെ കാടുകൾ വെട്ടിത്തെളിച്ചിരുന്നെങ്കിലും ആനകൾ ഒളിച്ചിരിക്കുന്ന മറ്റ് ഹൈഡ് ഔട്ടുകൾ ദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കാട് വെട്ടാതെ കിടക്കുന്ന ബാക്കി ഭാഗങ്ങൾ കൂടി അടിയന്തരമായി വൃത്തിയാക്കാൻ ഫാർമിങ് കോർപറേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്ഥലത്തെ ഭൂപ്രകൃതി പൂർണമായും അനുകൂലമാക്കിയശേഷം മാത്രമേ ഇനി ഡ്രൈവിങ് പുനരാരംഭിക്കാനാകു. ആനമതിൽ പൂർത്തിയാകുന്നതിന് മുമ്പ് ഈ പ്രതിബന്ധങ്ങളെല്ലാം മറികടന്ന് ആനകളെ തുരത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ദൗത്യസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

