മാവോവാദി സാന്നിധ്യം; കണ്ണൂരിലും കനത്ത ജാഗ്രത
text_fieldsപേരാവൂർ: പെരുവണ്ണാമൂഴിയിലെ മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് കണ്ണൂരിലും കനത്ത പൊലീസ് ജാഗ്രത. മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട മാവോവാദി സംഘം പേരാമ്പ്ര പ്ലാേൻറഷൻ എസ്റ്റേറ്റിൽ നോട്ടീസ് പതിച്ച സംഭവത്തെ തുടർന്നാണ് ഇവർ എത്താൻ സാധ്യതയുള്ള കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ആഴ്ചകൾക്ക് മുമ്പ് വയനാട് -കണ്ണൂർ അതിർത്തി പ്രദേശങ്ങളിലും മാവോവാദികൾ തമ്പടിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മുമ്പ് മാവോവാദികൾ എത്തിയിട്ടുള്ള പേരാവൂർ, ആറളം, കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളനികൾ, പുനരധിവാസ മേഖല, വനമേഖലകൾ, പ്രധാന പാതകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഒരുക്കിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

