യുവാക്കൾക്ക് വെട്ടേറ്റ സംഭവം; ഏഴുപേർ അറസ്റ്റിൽ
text_fieldsപേരാവൂർ: ഏലപ്പീടികയിൽ കാർ തടഞ്ഞുനിർത്തി യുവാക്കളെ വെട്ടി പരിക്കേൽപിച്ച കേസിൽ കോളയാട് സ്വദേശികളായ ഏഴുപേരെ കേളകം പൊലീസ് അറസ്റ്റ്ചെയ്തു. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കോളയാട് പുത്തലം സ്വദേശികളായ ജോർജ് ജോസഫ് (25), യു.കെ. ഷൈജിത്ത് (29) ആർ. ജിനീഷ് (25), പി. ദിവിനേഷ് (33), അഖിൽ എന്ന അപ്പു (28), പി. രാഹുൽ (30), എടയാർ സി.വി.സിബിൻ (23) എന്നിവരെയാണ് കേളകം പൊലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഏലപ്പീടിക സ്വദേശികളായ കൂരക്കൽ വിപിൻ വിൽസൺ(30), കുരുവിളാനിക്കൽ പ്രബീഷ് തോമസ് (38) എന്നിവരെ വാഹനം തടഞ്ഞ് ഏഴംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. അന്നേദിവസം വൈകീട്ട് കണ്ടംതോട് പുൽമേടിനു സമീപം പ്രദേശവാസികളുമായി പ്രതികളുൾപ്പെടുന്ന സംഘം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. രാത്രിയോടെ എത്തിയ ഇവർ, വൈകീട്ടത്തെ പ്രശ്നത്തിൽ ഉൾപ്പെട്ടവർ എന്ന ധാരണയിലാണ് വിപിനെയും പ്രബീഷിനെയും ആളുമാറി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

