കിടപ്പ് രോഗിയായ വൃദ്ധമാതാവിനെ കൊന്ന കേസിൽ മകൾ അറസ്റ്റിൽ
text_fieldsപേരാവൂർ: കിടപ്പ് രോഗിയായ വൃദ്ധമാതാവിനെ കൊന്ന മകളെ പൊലീസ് അറസ്റ്റ് ചെയ്തു. മാലൂർ കപ്പറ്റപ്പൊയിലിലെ കോറോത്ത് ലക്ഷം വീട്ടിൽ കെ. നന്ദിനിയെ(75) കൊന്ന കേസിലാണ് ഏക മകൾ ഷേർളിയെ(49) പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബിെൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഷേർളിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.
നന്ദിനിയെ ചവിട്ടിയും ഓലമടലുകൊണ്ട് അടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോരപുരണ്ട ഓലമടൽ വീട്ടുപറമ്പിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. തലക്കും വാരിയെല്ലുകൾക്കും പരിക്കേറ്റതാണ് മരണകാരണം.
നന്ദിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടായതിനാൽ ഡോഗ് സ്ക്വാഡ്, ഫോറൻസിക്, ഫിങ്കർപ്രിൻറ്് വിഭാഗം എന്നിവരെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയാന്വേഷണം നടത്തിയ ശേഷമാണ് ഷേർളിയെ അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.
രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബ്, മാലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ്.ഐമാരായ അബ്ദുൽ റഹിമാൻ, ബാബുരാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.