സമ്പൂര്‍ണ കാര്‍ബണ്‍രഹിത പഞ്ചായത്താകാന്‍ പെരളശ്ശേരി
text_fieldsപെരളശ്ശേരി പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ഊര്‍ജ പാഠശാല സംഘടിപ്പിക്കുന്നതിനായി
അധ്യാപകര്‍ക്ക് നല്കിയ പരിശീലനത്തില്‍ നിന്ന്
കണ്ണൂർ: വിഷവാതകങ്ങളുടെ ഉപയോഗം കുറച്ച് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി പെരളശ്ശേരി പഞ്ചായത്ത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറക്കാനും വിഷവാതകങ്ങള്‍ പുറംതള്ളുന്നത് തടയാന്‍ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങളില്‍ മാലിന്യമുക്തമാക്കാനുമാണ് പെരളശ്ശേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സര്‍ക്കാറിന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആദ്യഘട്ട പ്രവര്‍ത്തനമായ ഊര്‍ജ പാഠശാലകള്‍ പഞ്ചായത്തില്‍ തുടങ്ങി. 150 ബോധവത്കരണ ക്ലാസുകളാണ് നടത്തുക. 50 ക്ലാസുകള്‍ പൂര്‍ത്തിയായി. സാംസ്കാരിക സ്ഥാപനങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടം ക്ലസ്റ്ററുകളിലുമാണ് പാഠശാലകള്‍ നടത്തുന്നത്.
രണ്ടാം ഘട്ടത്തില്‍ പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസുകള്‍ സംഘടിപ്പിക്കും. കാര്യക്ഷമമായ ഊര്‍ജ ഉപഭോഗത്തിൽ ജനങ്ങളെ ബോധവാന്മാരാക്കാനാണ് ക്ലാസുകള്‍ നടത്തുന്നത്.
ഊര്‍ജ കാര്യക്ഷമതയുള്ള ഉപകരണങ്ങള്‍ വീടുകളില്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം, കാര്‍ബണ്‍ എമിഷന്‍ കുറക്കല്‍, ഹരിത ചട്ടങ്ങള്‍ നടപ്പാക്കല്‍, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവ ക്ലാസുകളില്‍ വിശദീകരിക്കും. പദ്ധതി ഏകോപിപ്പിക്കാൻ പഞ്ചായത്ത്തല സമിതിയും വാര്‍ഡ്തല സമിതിയും രൂപവത്കരിച്ചു.
വാര്‍ഡുകളില്‍നിന്നും സ്കൂളുകളില്‍നിന്നും രണ്ടുപേരെ വീതം റിസോഴ്സ് പേഴ്സൻമാരായി തെരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേക പരിശീലനവും നല്കി. ഇവരുടെ നേതൃത്വത്തിലാണ് വാര്‍ഡുകളിലെ വിവിധ കുടുംബശ്രീകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും സ്കൂളുകളിലും ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നത്.
തുടര്‍ പദ്ധതിയുടെ ഭാഗമായി ഫിലമെന്റ് ബള്‍ബുകള്‍ ഒഴിവാക്കി ഊര്‍ജക്ഷമത കൂടിയ എൽ.ഇ.ഡി ബള്‍ബുകള്‍ വീടുകളില്‍ സ്ഥാപിച്ച് ഫിലമെന്റ് രഹിത പഞ്ചായത്താക്കാനുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായ സര്‍വേ പ്രവര്‍ത്തനം വീടുകളില്‍ നടന്നുവരികയാണ്.
സംസ്ഥാന സര്‍ക്കാറിന്റെ നവകേരളം കര്‍മ പദ്ധതിക്ക് കീഴില്‍ ഹരിത കേരളം മിഷന് വഴി നടപ്പാക്കുന്ന പദ്ധതിക്കായി ജില്ലയില്‍നിന്ന് തെരഞ്ഞെടുത്ത ഏഴ് പഞ്ചായത്തുകളില്‍ ഒന്നാണ് പെരളശ്ശേരി. 2035ഓടെ ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

