പുഴയോര കാഴ്ചകളൊരുക്കി പെരളശ്ശേരി
text_fieldsഅഞ്ചരക്കണ്ടിപ്പുഴയിലെ പെരളശ്ശേരി പള്ളിയത്ത് തൂക്കുപാലം
പെരളശ്ശേരി: പച്ചപ്പും തൂക്കുപാലവും ഓളപ്പരപ്പും അടക്കം പുഴയോര കാഴ്ചകൾ കാണാൻ സഞ്ചാരികളെ കാത്തിരിക്കുകയാണ് പെരളശ്ശേരി. പഞ്ചായത്തിലെ ചെറുമാവിലായി മുതൽ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം വിനോദസഞ്ചാരത്തിന് സാധ്യതകൾ തേടുകയാണ്. കണ്ണൂർ- കൂത്തുപറമ്പ് റോഡിൽ മൂന്നുപെരിയയിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള ചെറുമാവിലായിയും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റർ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് മികച്ച അനുഭവമാകും. ഒരുഭാഗം കനാലിനാലും മറുഭാഗം കണ്ടൽക്കാടുകളാലും ചുറ്റപ്പെട്ടുനിൽക്കുന്ന പ്രദേശമാണിത്. ചെറുമാവിലായി മുതൽ, പള്ളിയത്ത് ഒരുങ്ങുന്ന എ.കെ.ജി ചരിത്ര സ്മാരക മ്യൂസിയം വരെയുള്ള പ്രദേശത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുഴയോര ടൂറിസം സർക്യൂട്ടിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ചെറുമാവിലായി, എടക്കടവ്, കോട്ടം, പള്ളിയത്ത് തുടങ്ങിയ പ്രദേശങ്ങൾ പദ്ധതിയുടെ ഭാഗമാണ്. പള്ളിയത്ത് പുഴയിലെ തൂക്കുപാലം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്. പുഴയോരത്തെ അഞ്ച് ഏക്കർ സ്ഥലം പ്രയോജനപ്പെടുത്തി ബോട്ട് സർവിസ്, കയാക്കിങ്, നീന്തൽ പരിശീലനം, റിസോർട്ട് എന്നിവ ലക്ഷ്യമിടുന്നു. സർക്കാറിന്റെയും സ്വകാര്യ വ്യക്തിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ബോട്ടുജെട്ടി ഒരുക്കുന്നതിനൊപ്പം പുഴയോടുചേർന്നുനിൽക്കുന്ന പ്രദേശം കോൺക്രീറ്റ് ഭിത്തികെട്ടി സംരക്ഷിച്ച് പ്രഭാത-സായാഹ്ന സവാരികൾക്കായി പ്രയോജനപ്പെടുത്തും.
പള്ളിയത്ത് നാടൻഭക്ഷണ കേന്ദ്രം, മത്സ്യ സംഭരണ കേന്ദ്രം, തത്സമയ മത്സ്യബന്ധനം, പൂന്തോട്ടം, ഓപൺ എയർ ഓഡിറ്റോറിയം തുടങ്ങിയ നൂതന ആശയങ്ങൾ നടപ്പിലാക്കാനും ആലോചനയുണ്ട്. ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമായതിനാൽ പുഴക്ക് മധ്യത്തിലെ പൂഴിമണൽപ്പരപ്പിൽ പക്ഷിത്തൂണുകൾ സ്ഥാപിച്ചാൽ കൂടുതൽ ആകർഷണീയമാകും. ഉത്തരമലബാറിലെ പ്രസിദ്ധമായ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. എടക്കടവിലെ കണ്ടൽപാർക്കുകൂടി യാഥാർഥ്യമായാൽ പ്രദേശം സഞ്ചാരികളാൽ നിറയും.