സ്റ്റേഡിയമില്ല; ഇരിട്ടിയിൽ കായിക പ്രേമികൾ നിരാശയിൽ
text_fieldsവള്ള്യാട് ഗ്രൗണ്ട്
ഇരിട്ടി: മലയോരത്തെ കായിക പ്രേമികളുടെ സ്വപ്നമായ സ്റ്റേഡിയം ഇനിയും യാഥാർഥ്യമായില്ല. ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒത്തിണങ്ങിയ പ്രദേശങ്ങളാണ് വള്ള്യാടും മാടത്തിലും. മെത്തപോലെ പുൽത്തകിടിയുള്ള പ്രദേശം. പക്ഷേ ഇത് രണ്ടും പഴശ്ശി പദ്ധതി പ്രദേശത്തിന്റെ അധീന ഭൂമിയാണ്. പദ്ധതിയുടെ ബഫർ സോൺ എന്ന നിലയിൽ രണ്ട് പ്രദേശങ്ങളും കായിക ആവശ്യങ്ങൾക്ക് വിട്ടുനൽകാൻ ജലവിഭവ വകുപ്പ് ഒരുക്കമല്ല.
വള്ള്യാട് സ്റ്റേഡിയം ദീർഘകാലത്തെ ആവശ്യം
വള്ള്യാട് വയലിൽ ആധുനിക സംവിധാനത്തോടുകൂടി സ്റ്റേഡിയം നിർമിക്കുന്നതിന് വിട്ടുകൊടുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇരിട്ടി മേഖലയിൽനിന്ന് ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തിന്റെ പതാക ചൂടിയവരിൽ ഭൂരിഭാഗവും ഒരു തവണയെങ്കിലും ഈ ഗ്രൗണ്ടിൽ തങ്ങളുടെ കായിക മികവ് തെളിയിച്ചിട്ടുണ്ടാകും. പദ്ധതി പ്രദേശം സ്റ്റേഡിയത്തിനായി വിട്ടുതരണമെന്ന് കാണിച്ച് ഇരിട്ടിയുടെ ആദ്യ നഗരസഭ ചെയർമാൻ പി.പി. അശോകൻ ജല വിഭവ മന്ത്രിക്ക് നൽകിയ നിവേദനത്തെതുടർന്ന് സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിൽ വള്ള്യാട് വയലിൽ പരിശോധന നടത്തി റിപ്പോർട്ടും നൽകി. പദ്ധതിയുടെ ബഫർ സോൺ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാൻ പറ്റില്ലെന്നായിരുന്നു റിപ്പോർട്ട്. ഇത് കായിക പ്രേമികളെ നിരാശപ്പെടുത്തി. അഞ്ച് ഏക്കറോളം വരുന്ന പുല്ല് നിറഞ്ഞ മൈതാനമാണ് വള്ള്യാട്ടേത്. നിരവധി കലാ കായിക മത്സരങ്ങൾക്കും പൊതുപരിപാടികൾക്കും വേദിയായ മൈതാനം. റിസർവോയർ അതിന്റെ പരമാവധി സംഭരണശേഷി കൈവരിച്ച സമയത്തുപോലും മൈതാനത്ത് വെള്ളം കയറിയിട്ടില്ല.
കഴിഞ്ഞ രണ്ട് പ്രളയത്തിലും മൈതാനത്ത് വെള്ളം കയറിയിട്ടില്ലെന്നതും അനുകൂല ഘടകമാണ്. പ്രകൃതിദത്തമായി രൂപംകൊണ്ട മൈതാനമായതിനാൽ കാര്യമായ ചെലവുകളില്ലാതെതന്നെ ശാസ്ത്രീയമായി വികസിപ്പിക്കാനും കഴിയും. മൈതാന ഭാഗത്ത് നടക്കുന്ന കൈയേറ്റം ഇല്ലാതാക്കാനും സ്റ്റേഡിയമായി മാറ്റുന്നതിലൂടെ സാധിക്കും.
മാടത്തിൽ സ്റ്റേഡിയം പാതിവഴിയിൽ
ഫുട്ബാളിൽ ഇന്റർനാഷനൽ താരങ്ങൾ ഉൾപ്പെടെ കളിച്ചു വളർന്ന മൈതാനമാണ് മാടത്തിയിലേത്. തലശേരി-വളവുപാറ റോഡരികിൽ അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പ്രദേശം പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള ചതുപ്പ് നിലമാണെങ്കിലും വേനൽക്കാലത്ത് കളിസ്ഥലമായി മാറും. അഞ്ചുവർഷംമുമ്പ് പായം പഞ്ചായത്ത് ഇത് സ്റ്റേഡിയമാക്കി മാറ്റാൻ നടത്തിയ ശ്രമം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മണ്ണിട്ടുയർത്തി അരികുഭിത്തികൾ വരെ നിർമിച്ചിരുന്നു.
ഭരണതലത്തിൽ ഇടപെടലുണ്ടായിട്ടും സ്റ്റേഡിയത്തിനുള്ള എൻ.ഒ.സി ഇതുവരെ ജലവിഭവ വകുപ്പ് നൽകിയിട്ടില്ല. കോൺക്രീറ്റ് നിർമിതികളൊന്നും പാടില്ലെന്ന വ്യവസ്ഥയുള്ളതിനാൽ നല്ലൊരു ഗ്രൗണ്ട് മാത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. 50 ലക്ഷം കായിക വകുപ്പിൽനിന്നും 30 ലക്ഷം ജില്ല പഞ്ചായത്ത് വിഹിതമായും ലഭിച്ചു. 20 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽനിന്ന് മാറ്റിവെച്ചു. നിലവിൽ ഗ്രൗണ്ട് നിർമാണത്തിനുള്ള രൂപരേഖ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും മുൻ പ്രസിഡന്റ് എൻ. അശോകനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

