മാട്ടൂൽ ചാലിൽ കടൽഭിത്തി തകർച്ച ഭീതിയിൽ
text_fieldsമാട്ടൂൽ കക്കാടൻചാലിൽ
കടൽഭിത്തിക്കടിയിൽനിന്ന്
മണൽ ഒലിച്ചിറങ്ങി ഭിത്തി
താഴ്ന്ന നിലയിൽ
പഴയങ്ങാടി: മാട്ടൂൽ കക്കാടൻ ചാലിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കടൽഭിത്തി തകർച്ച ഭീഷണിയിൽ. കഴിഞ്ഞദിവസം കടൽ ആരവത്തിൽ ശക്തമായ തിരമാലയടിച്ച് കടൽഭിത്തിക്കടിയിൽനിന്ന് മണലൊലിച്ചുപോയതോടെ കരിങ്കൽഭിത്തി ഊഴ്ന്നിറങ്ങുകയായിരുന്നു.
നിർമാണത്തിന്റെ പ്രഥമഘട്ടത്തിൽ തന്നെ കരിങ്കല്ലുകൾ താഴേക്ക് ആഴ്ന്നിറങ്ങിയത് നാശഭീഷണിയുയർത്തിയതിനാൽ തീരദേശവാസികൾ ആശങ്കയിലായി. കടലാക്രമണം രൂക്ഷമാകുന്ന സൂനാമി ബാധിത പ്രദേശം കൂടിയാണ് മാട്ടൂൽ കക്കാടൻചാൽ തീരദേശ മേഖല.
എല്ലാ വർഷവും കടലാക്രമണത്തെ തുടർന്ന് തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള നടപടികൾ ആവശ്യമായിവരുന്ന ഈ തീരദേശ മേഖലകളിൽ കടൽഭിത്തി നിർമിക്കണമെന്ന തീരദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്നാണ് ഭിത്തി നിർമാണമാരംഭിച്ചത്.
അശാസ്ത്രീയമായ രീതിയിലാണ് ഭിത്തി നിർമിക്കുന്നതെന്ന് നേരത്തേ ആക്ഷേപം ഉയർന്നതായി തീരദേശവാസികൾ പറഞ്ഞു. ഭിത്തി നിർമാണത്തിനാവശ്യമായ രീതിയിൽ കരിങ്കൽ ചീളുകൾ പാകി അടിത്തറ നിർമിക്കാത്തതിനാലാണ് മണൽ ഒലിച്ചിറങ്ങിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.