തീരദേശ നിയമം ഭേദഗതി ചെയ്തിട്ടും മാട്ടൂൽ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ
text_fieldsപഴയങ്ങാടി: കേരള തീരദേശ പരിപാലന ഡയറക്ടറുടെ 2024 ഡിസംബർ ആറിലെ 3149/ എ 1/2024 / കെ.സി.ഇസെഡ്. എം. എ. നമ്പർ പ്രത്യേക ഉത്തരവ് പ്രകാരം മാട്ടൂൽ ഗ്രാമ പഞ്ചായത്തിനെ സി. ആർ.ഇസെഡ് II കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെ പഞ്ചായത്തിലെ തീരദേശ മേഖലയിൽ നിർമ്മാണം നടത്തുന്നതിനു സഹായകരമായെങ്കിലും നേരത്തെ തീരദേശ മേഖലകളിൽ വീടെടുത്ത 100ഓളം കുടുംബങ്ങൾ പ്രതിസന്ധിയിൽ തുടരുന്നു . 2024 ഡിസംബറിൽ പുതിയ ഉത്തരവിറക്കുന്നതിന്ന് മുമ്പ് തീരദേശ മേഖലകളിൽ നിർമ്മാണം നടത്തിയിട്ടുള്ള കെട്ടിടങ്ങൾക്ക് ഇന്നും ഗ്രാമ പഞ്ചായത്തിന്റെ താൽക്കാലിക നമ്പർ പട്ടികയിൽ നിന്ന് പുറത്തു കടക്കാനായില്ല.
തീരദേശ പരിപാലന ഡയറക്ടറുടെ പ്രത്യേക ഉത്തരവോടെ മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ കടൽ, പുഴയോര മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾക്കു നിശ്ചയിച്ച പരിധിയിൽ നൽകിയ ഇളവ് മേഖലകളിൽ വീടെടുക്കുന്നതിന് തടസ്സം നേരിട്ട നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു . എന്നാൽ നേരത്തെ താൽക്കാലിക നമ്പർ നൽകിയ കെട്ടിടങ്ങളുടെ തുടർ ക്രമവത്കരണത്തെ കുറിച്ച് ഉത്തരവിൽ ഒരു നിർദേശം നൽകിയിട്ടില്ലാത്തതിനാൽ താൽക്കാലിക നമ്പർ ലഭ്യമായ കെട്ടിടങ്ങൾ ക്രയവിക്രയങ്ങൾക്കോ അനന്തരാവകാശികൾക്ക് കൈമാറുന്നതിനോ കഴിയാത്ത പ്രതിസന്ധിയിലാണ് .
മാട്ടൂൽ പഞ്ചായത്തിലെ നൂറിൽപരം കുടുംബങ്ങൾക്കും കെട്ടിടം ഉടമകൾക്കും ഈ പ്രതിസന്ധി ദുരിതം വിതക്കുകയാണ്. കൊല്ലങ്ങളായി പ്രദേശത്ത് സ്ഥിരതാമസമുള്ളവർ കടം വാങ്ങിയും ലോണെടുത്തും തീരദേശ നിയമത്തിൽ ഇളവുകൾ ലഭ്യമാവുന്ന പ്രതീക്ഷയിൽ മാത്രം വീടിന്റെ നിർമാണം പൂർത്തീകരിച്ചവരാണ്. ഇവരുടെ വീടുകൾക്കാണ് പഞ്ചായത്ത് താൽക്കാലിക നമ്പർ നൽകിയിരുന്നത്.
താൽക്കാലിക നമ്പർ ലഭിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീർ ബി മാട്ടൂലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി ഐകകണ്ഠ്യേന തീരുമാനമെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

