പഴശ്ശിയും വരളുന്നു; രണ്ടാഴ്ചക്കിടെ താഴ്ന്നത് ഒരു മീറ്ററിലധികം വെള്ളം
text_fieldsജലവിതാനം കുറഞ്ഞുവരുന്ന പഴശ്ശി ജലസംഭരണി
ഇരിട്ടി: അതികഠിനമായ വേനൽ ചൂട് പഴശ്ശി ജലസംഭരണിയെയും ആശങ്കയിലാക്കുന്നു. താപനില 40ന് മുകളിലേക്ക് കടന്നതോടെ പദ്ധതിയിൽ കുടിവെള്ളത്തിനായി സംഭരിച്ച വെള്ളം ദിനംപ്രതി നാലും അഞ്ചും സെന്റിമീറ്ററായി കുറയുകയാണ്. രണ്ടാഴ്ചക്കിടയിൽ ഒരു മീറ്ററോളം വെള്ളമാണ് പദ്ധതിയിൽ കുറഞ്ഞത്. ഇതേ നില തുടർന്നാൽ പദ്ധതിയിൽ നിന്നുള്ള എട്ടോളം കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകും. 26.52 സംഭരണശേഷിയിൽ നിന്നും 25.12 മീറ്ററിലേക്ക് വെള്ളം പെട്ടെന്നാണ് കുറഞ്ഞത്.
ചൂട് കൂടിയതോടെ സംഭരണിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതിമായി കുറയുകയാണ്. ബാവലി, ബാരപോൾ പുഴകളിൽ നിന്നാണ് സംഭരണിയിലേക്ക് വെള്ളം എത്തുന്നത്. ഈ രണ്ടു പുഴകളുടേയും ഉത്ഭവ സ്ഥാനങ്ങളിൽ നീരൊഴുക്ക് കുറഞ്ഞു. പദ്ധതിയിലേക്ക് എത്തുന്ന മറ്റ് ചെറു നദികളും തോടുകളുമെല്ലാം രണ്ടാഴ്ചക്കിടയിൽ പൂർണമായും വറ്റിവരണ്ടു. പദ്ധതിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ നാലിരട്ടിയിലധികം കുടിവെള്ളത്തിനായി വിവിധ പമ്പിങ് സ്റ്റേഷനുകൾ വഴി സംഭരണിയിൽ നിന്നും എടുക്കുന്നുമുണ്ട്. പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിൽ ഒരുമാസത്തിനിടയിൽ ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ ഇത് പദ്ധതിയിലെ ജപ്പാൻ കുടിവെള്ള പദ്ധതിയെപ്പോലും ബാധിക്കും.
ജില്ലയിലെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും കുടിവെള്ളം എത്തുന്നത് പഴശ്ശിയിൽ നിന്നാണ്. 300 ദശലക്ഷം ലിറ്റർ വെള്ളമാണ് പഴശ്ശി പദ്ധതിയിൽ നിന്നും ദിനംപ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. ഒരു കോർപറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. ഇതിനായി എട്ടു വലിയ കുടിവെള്ള പദ്ധതികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൂടാതെ, മറ്റ് അഞ്ചോളം ചെറുകിട പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. ഇരിട്ടി മേഖലയിലെ വീടുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും കിണറുകളിലെ വെള്ളം പഴശ്ശി പദ്ധതിയുടെ ജലവിതാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്.