പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsപയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ ഹോട്ടൽ വ്യാപാരി അറസ്റ്റിൽ. കുഞ്ഞിമംഗലം തലായിയിലെ ചാപ്പയിൽ ഫൈസലിനെയാണ് (35) പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായർ പോക്സോ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലും ഈ മാസം നാലിനുമിടയിൽ പലതവണ പതിനാലുകാരിയായ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ നാലിന് പെൺകുട്ടി കടയിൽപോയി തിരിച്ചുവരുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പറയുന്നു. പിന്നീട് അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം വീട്ടുകാർ അറിഞ്ഞത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനിര യാക്കിയതുൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

