ഊട്ടി സർജിക്കൽ കൊലപാതകത്തിന് മൂന്ന് പതിറ്റാണ്ട്: ഡോ. ഓമനയെവിടെ?
text_fieldsഡോ. ഓമന
പയ്യന്നൂർ: സുകുമാരക്കുറുപ്പിന്‍റെ തിരോധാനവും കൊലക്കേസും വാർത്തകളിൽ സജീവമാകുമ്പോൾ കേരള മനസാക്ഷിയെ ഞെട്ടിച്ച, മറ്റൊരു പ്രമാദ കേസിലെ പ്രതി ഡോ. ഓമന എവിടെയെന്ന ചോദ്യം പ്രസക്തമാവുന്നു. കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പയ്യന്നൂരിലെ പ്രശസ്ത നേത്രരോഗ വിദഗ്ദ്ധ ഡോ. ഓമന കഴിഞ്ഞ കാൽനൂറ്റാണ്ടായി കാണാമറയത്താണ്. ഡോക്ടറുടെ കെട്ടിട നിർമാണത്തിനെത്തിയ ആർക്കിടെക്റ്റ് രാധാകൃഷ്ണനെ അതിക്രൂരമായി കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കിയ കേസിലെ പ്രതിയാണ് ഡോ. ഓമന. 1996 ൽ ഊട്ടിയിലെ ലോഡ്ജിലാണ് സർജിക്കൽകൊല നടന്നത്. പയ്യന്നൂരിലെ ക്ലിനിക്ക് അടച്ച് മലേഷ്യയിലേക്ക് പോയ ഡോ. ഓമന തിരിച്ച് നാട്ടിലെത്തിയ ശേഷം മുരളീധരനുമായി ഊട്ടിയിലെത്തി. ഊട്ടി റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു ലോഡ്ജ് മുറിയിൽ വെച്ചായിരുന്നു കൊല നടന്നത്.
മുരളീധരന് ആദ്യം വിഷം നൽകി മരണം ഉറപ്പായതോടെ കയ്യിൽ കരുതിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി. ആന്തരിക അവയവങ്ങൾ അവിടത്തെ ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്തുകളഞ്ഞതായി പിന്നീട് പൊലീസ് കണ്ടെത്തി.
മൃതദേഹം കഷണങ്ങളാക്കിയ ശേഷം അവ മൂന്ന് സ്യൂട്ട്കേസുകളിലാക്കി ഡോ. ഓമന ടാക്സിയിൽ കയറ്റി കൊടൈക്കാനിലേക്ക് യാത്ര തിരിച്ചു. ശരീരഭാഗങ്ങൾ അടങ്ങിയ സ്യൂട്ട്കേസുകൾ ഡിക്കിയിൽ വെച്ച് യാത്ര തുടരുമ്പോൾ കാറിൽ ദുർഗന്ധം പടർന്നു. ഇത് കാർ ഡ്രൈവറിൽ സംശയം ജനിപ്പിച്ചു. പെട്രോൾ അടിക്കാനായി പമ്പിൽ കയറിയ ഡ്രൈവർ തന്ത്രപരമായി പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സ്യൂട്ട്കേസുകൾ പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യം പുറത്തായത്. തുടർന്ന് ഡോ. ഓമനയെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ, കേസിന്‍റെ വിചാരണക്കിടെ 2001ൽ ജാമ്യത്തിൽ ഇറങ്ങിയ ഓമനയെ പിന്നീട് ആർക്കും കണ്ടെത്താനായില്ല. ഊട്ടി കൊലക്കേസ് നടന്ന് 30 വർഷങ്ങൾ പിന്നിടുമ്പോഴും ഡോ. ഓമന എന്ന പ്രതി എവിടെയുണ്ടെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. വർഷങ്ങൾക്കു മുമ്പ് മലേഷ്യയിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച സ്ത്രീ ഡോ. ഓമനയാണെന്ന് പ്രചരണമുണ്ടായെങ്കിലും അത് മറ്റൊരാളാണെന്ന് സ്ഥിരീകരിച്ചു. ഏറെക്കാലം ഡോ. ഓമനയെ അന്വേഷിച്ച് തമിഴ്നാട് പൊലീസ് പയ്യന്നൂരിലെത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരും അന്വേഷിച്ചെത്താറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

