ശൂലാപ്പ് കാവിലേക്ക് പോകാൻ എവിടെ അഴകനും പൂവാലിയും?
text_fieldsപയ്യന്നൂർ: മഴ പെയ്ത് നാട്ടുതോടുകൾ സജീവമായപ്പോഴാണ് കവ്വായിക്കായലിൽ നിന്ന് അഴകനും പൂവാലിയും ശൂലാപ്പ് കാവിലേക്ക് യാത്ര തിരിക്കുന്നത്. അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനാണ് അഴകൻ, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്ര. എന്നാൽ ശൂലാപ്പ് കാവിലെ ശുദ്ധജലം അവിടെയില്ല.
പാരിസ്ഥിതികമായ വലിയ ദുരന്തമാണ് ഡോ. അംബികാസുതൻ മാങ്ങാടിന്റെ ‘രണ്ടു മത്സ്യങ്ങൾ’ എന്ന കഥ പറഞ്ഞുവെക്കുന്നത്. എന്നാൽ ശുദ്ധജലം മാത്രമല്ല, അഴകനും പൂവാലിയും ഇന്നില്ല. പുതുമഴക്കു തണുത്ത വെള്ളം നോക്കി യാത്ര തിരിക്കുന്ന മത്സ്യങ്ങൾ ഊത്തപിടിത്തക്കാരുടെ വലയിൽ കുടുങ്ങി ചത്തൊടുങ്ങുന്നു. വ്യാപകമായ ഊത്തപിടിത്തം ഉൾനാടൻ മത്സ്യസമ്പത്തിന്റെ അമ്പതു ശതമാനത്തിലധികവും കവർന്നതായാണ് പുറത്തുവരുന്ന കണക്ക്. കായലിലും പുഴയിലും മൺസൂൺ തുടക്കത്തിൽ താപനില കുത്തനെ കുറയുമ്പോഴാണ് മത്സ്യങ്ങൾ വംശവർധന ലക്ഷ്യമിട്ട് പ്രാദേശിക ദേശാടനം നടത്തുന്നത്.
വൻതോതിലുള്ള ഊത്തപിടിത്തം അല്ലെങ്കിൽ വെള്ളമീൻ പിടിത്തം നാടൻ മത്സ്യസമ്പത്തിന്റെ അന്തകനാവുന്നതായി സർക്കാറും പരിസ്ഥിതി പ്രവർത്തകരും പറയുന്നു. 210 ഇനം മത്സ്യങ്ങളാണ് കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിൽ ഉള്ളത്. ഇതിൽ 30 ശതമാനം മത്സ്യങ്ങൾ പശ്ചിമഘട്ടത്തിലും കേരളത്തിലും മാത്രം കാണപ്പെടുന്നവയാണ്. വരാൽ, കാരി, നെടുംചൂരി, പുല്ലൻ, കടു, ആരൽ തുടങ്ങിയ മത്സ്യങ്ങളിൽ നിരവധി ഇനങ്ങൾ ഇന്നില്ല. വയർ നിറയെ മുട്ടയുമായി നല്ല ആഹാരവും ശുദ്ധജലവും ലഭിക്കുന്ന തോടുകളിലേക്കും വയലുകളിലേക്കും പോകുന്ന ഇവ തിരിച്ചുവരാറില്ല. മുട്ടയിടുന്നതിന് മുമ്പുള്ള വേട്ടയിൽ ഇല്ലാതാകുന്നത് ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളാണ്.
കേരളത്തിലെ 44 നദികളുടെയും 127 ഉൾനാടൻ ജലാശയങ്ങളുടെയും മത്സ്യസമൃദ്ധിയാണ് വേട്ടയിലൂടെ ഇല്ലാതാകുന്നത്. പ്രജനനകാലത്തെ മത്സ്യവേട്ടക്ക് ആറുമാസം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ ഇത്തരം കേസുകൾ കോടതിയിലെത്തുന്നത് വിരളമാണ്. പലയിടത്തും ഉദ്യോഗസ്ഥർ ഊത്തപിടിത്തം അവഗണിക്കുകയാണ് പതിവ്. ഇത് മത്സ്യസമ്പത്ത് മാത്രമല്ല, അത്യപൂർവമായ ജീവിവർഗങ്ങളെ തന്നെ തുടച്ചുനീക്കുന്നതിന് കാരണമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

