മൊബൈൽ മോഷണത്തിന്റെ ദൃശ്യം വൈറൽ; ഒടുവിൽ തിരിച്ചെത്തിച്ച് തടിയൂരൽ
text_fieldsപയ്യന്നൂർ: പിലാത്തറ ടൗണിലെ ബേക്കറിയിൽനിന്ന് കടയുടമയുടെ മൊബൈൽ കവർന്നു. മോഷ്ടിച്ച് നടന്നകലുന്ന നിരീക്ഷണ കാമറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വൈകീട്ടോടെ മോഷ്ടാവ് കടയിലെത്തിച്ച് മൊബൈൽ തിരിച്ചേൽപ്പിച്ച് ക്ഷമ ചോദിച്ച് തടിയൂരി. ഉച്ചക്ക് 12 ഓടെയാണ് ഉടമയുടെ ശ്രദ്ധ തിരിച്ച് മൊബൈൽ കൈക്കലാക്കിയത്.
ഈ ദൃശ്യം വൈറലായത് അറിഞ്ഞതോടെ ഫോണുമായി വൈകീട്ട് 6.30 ഓടെ പിലാത്തറയിൽ എത്തിച്ചേരുകയായിരുന്നു. തിരിച്ചേൽപിച്ച് പോകാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസിനോട് മാപ്പ് അപേക്ഷിക്കുകയും പറ്റിപ്പോയി എന്ന് കേണപേക്ഷിക്കുകയും ചെയ്തു. ഫോൺ കടയുടമയുടെ മകനെ തിരിച്ചേൽപിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് മോഷ്ടാവിനെ തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ച് വിട്ടയച്ചു.

