രണ്ടു സമരനക്ഷത്രങ്ങൾ കണ്ടുമുട്ടി
text_fieldsഗ്രോ വാസു മയീച്ച ഗോപാലന്റെ വീട്ടിൽ
പയ്യന്നൂർ: ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് പയ്യന്നൂർ വെള്ളൂരിലെ മയീച്ച ഗോപാലൻ. പ്രായത്തെ പിറകോട്ട് നടത്തി ഇപ്പോഴും പോരാടുകയാണ് ഗ്രോ വാസു എന്ന വാസുവേട്ടൻ. പഴയ പോരാളിയെ കാണാൻ കാലങ്ങൾക്കും പ്രായത്തിനും തടയിടാനാവാത്ത പോരാളിയെത്തിയപ്പോൾ അത് അപൂർവവും അസുലഭവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി.
മയീച്ച ഗോപാലനെ കാണാനാണ് കാതങ്ങൾ താണ്ടി മനുഷ്യാവകാശ പോരാട്ടത്തിന്റെ മറ്റൊരു പേരായ വാസുവേട്ടൻ എത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ നടന്നു തീർത്ത വഴികളുടെ അനുഭവിച്ച വേദനയുടെയും ചരിത്രത്തിന്റെ പുതിയ കാലത്തെ അടയാളപ്പെടുത്തലായി.
നക്സലിസം സജീവമായ കാലത്താണ് മയീച്ച ഗോപാലൻ ആദ്യം അറസ്റ്റിലായത്. കോങ്ങായി കൊലക്കേസ് പ്രതിയായ മുണ്ടൂർ രാവുണ്ണി ജയിൽ ചാടി കരിവെള്ളൂർ കൊഴുമ്മലിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് മൂന്നു മാസത്തോളം രേഖപ്പെടുത്താത്ത പൊലീസ് നടപടി ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
നക്സലൈറ്റ് വർഗീസ് കൊല്ലപ്പെട്ട ശേഷം തൃശ്ശിലേരി കൊലക്കേസുമായി ബന്ധപ്പെട്ടാണ് വാസു അറസ്റ്റിലായത്. 1976 ൽ കേസ് കോടതി തള്ളി. തള്ളിയ ദിവസം തന്നെ വീണ്ടും പൊലീസ് അറസ്റ്റു ചെയ്തു. അന്ന് കണ്ണൂർ സെൻട്രൽ ജയിലിലാണ് വാസുവും ഗോപാലനും കണ്ടുമുട്ടിയത്.
1977 ജനുവരിയിൽ ഇതര തടവുകാരെ വിട്ടയച്ചെങ്കിലും വാസുവിനെയും ഗോപാലനെയും വിട്ടയച്ചത് മാർച്ച് 14 നാണ്. ജയിലിലെ പരിചയം പുതുക്കാനാണ് വാസുവേട്ടൻ സഹതടവുകാരന്റെ വീടു തേടിയെത്തിയത്. രാവുണ്ണി നാട്ടിൽ ഒളിവിലുണ്ടെന്ന് ഗോപാലൻ അറിഞ്ഞിരുന്നില്ല. മാത്രമല്ല, ഇവർ തമ്മിൽ പരിചയവുമില്ലായിരുന്നു.
എന്നാൽ പൊലീസ് ഇത് വിശ്വസിച്ചില്ല. രാവുണ്ണിയുടെ ഒളിയിടം കാണിച്ചു കൊടുക്കാനാവശ്യപ്പെട്ട് ക്രൂരമായി മർദിച്ചു. ഒളിയിടം അറിയാമെങ്കിൽ തന്നെ ഒറ്റിക്കൊടുക്കില്ലെന്ന് ഗോപാലൻ ഉറപ്പിച്ചിരുന്നു. ഇതിനു ശേഷം അടിയന്തരാവസ്ഥയിലും അറസ്റ്റിലായി. ഈ സമയത്താണ് ഗോപാലൻ വാസുവുമായി ബന്ധപ്പെട്ടത്. മർദനമുറകൾക്കൊന്നും പോരാട്ടവീര്യം തളർത്താനായില്ലെന്ന് ഇരുവരുടെയും കൂടിച്ചേരൽ ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തി.
ഒളിവിൽ കഴിഞ്ഞ വീട്ടിൽ മുണ്ടൂർ രാവുണ്ണി 50 വർഷത്തിന് ശേഷം കഴിഞ്ഞ വർഷം ഡിസംബർ 23ന് എത്തിയിരുന്നു. ഏറെ നേരം ചെലവഴിച്ചാണ് തിരിച്ചുപോയത്. ഈ സമയത്ത് മയീച്ച ഗോപാലനെയും സന്ദർശിച്ചു. തനിക്ക് ഷെൽട്ടർ ഒരുക്കിയെന്ന കുറ്റത്തിന് ജയിലിലടക്കപ്പെട്ട ഗോപാലനെ ആദ്യമായി അന്നാണ് അദ്ദേഹം കണ്ടത്.