കവർച്ച ആസൂത്രിതം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓപറേഷൻ
text_fieldsകവർച്ചക്കാർ തകർത്ത കാർ
പയ്യന്നൂർ: സിനിമ സ്റ്റൈലിൽ കാറിനെ പിന്തുടർന്ന് വിജനമായ സ്ഥലത്തെത്തി റോഡിന് കുറുകെ കാർ നിർത്തി കാർ തട്ടിയെടുത്ത വാർത്ത നാട്ടിൽ ഏറെ ഭീതിപരത്തിയിരുന്നു. കുട്ടിയെ തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയാണ് കാറുമായി പ്രതികൾ കടന്നത്. ഒരു കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് കാറിലുണ്ടായിരുന്ന മറ്റേ കുട്ടിയെയും അമ്മയെയും ഇറക്കിവിട്ടത്. ഏറെ ആസൂത്രിതമാണെന്ന് കണ്ടെത്തിയ പൊലീസ് പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘമാണെന്നും ഉറപ്പിച്ചിരുന്നു.
ഏറെ സങ്കീർണമായ കേസിലാണ് പൊലീസിന്റെ അന്വേഷണമികവിൽ ഒരാൾ പിടിയിലായത്. മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കാർ ദുരൂഹ സാഹചര്യത്തിലാണ് പിലാത്തറയിൽ കണ്ടെത്തിയിരുന്നത്. ഇതും നാട്ടിൽ ഭീതിപരത്തിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള യാത്രസാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കാറിന്റെ ഉൾഭാഗം പൂർണമായും തകർത്തനിലയിലുമാണ്. പിലാത്തറ കോഓപറേറ്റിവ് കോളജിന് സമീപത്തെ ഒഴിഞ്ഞപറമ്പിൽ കാർ അടിച്ചുതകർത്തനിലയിൽ കണ്ടെത്തിയതിലെ ദുരൂഹതക്കാണ് താൽക്കാലിക വിരാമമായത്. കാറിൽ സഞ്ചരിച്ചവർ പൊലീസിൽ മൊഴിനൽകിയെങ്കിലും സംഭവത്തിലെ ദുരൂഹത മാറിയിരുന്നില്ല. സഹകരണ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാർ ഉപേക്ഷിക്കപ്പെട്ടനിലയിൽ ആദ്യം കണ്ടത്. ഉടൻ കോളജ് അധികൃതരെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരാണ് പരിയാരം പൊലീസിൽ അറിയിച്ചത്. പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് ഈ കാർ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പിന്നീടാണ് തലശ്ശേരിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന വിവരം ലഭിക്കുന്നത്.
പഴയ സ്വർണം വാങ്ങി മഹാരാഷ്ട്രയിൽ കൊണ്ടുപോയി വിൽപന നടത്തി പുതിയ ആഭരണങ്ങൾ കേരളത്തിലെത്തിക്കുന്ന വ്യാപാരമാണ് ആക്രമണത്തിനിരയായവരുടേതെന്ന് പറയുന്നു. 25 ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറഞ്ഞത്.
കാറിനകത്തെ സീറ്റുകളും ഡാഷ്ബോർഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണമായും അഴിച്ചുമാറ്റിയോ തകർത്തോ പരിശോധിച്ചിട്ടുണ്ട്. സ്വർണമോ പണമോ സൂക്ഷിക്കുന്ന രഹസ്യ അറകൾ കണ്ടെത്താനായിരുന്നു ഇത്. വണ്ടിയിലുണ്ടായിരുന്ന ബാഗുകൾ, തുണികൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കാർ കവർ തുടങ്ങിയവയെല്ലാം വണ്ടിയുടെ പുറത്ത് വശങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വണ്ടിയുടെ ബോണറ്റും ഡോറുകളും തുറന്നിട്ടനിലയിലായിരുനനു.
സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളായതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തോടെയുള്ള കൊള്ളയാണ് ലക്ഷ്യമിട്ടതെന്ന് ആദ്യമേ സംശയമുയർന്നു. അന്തർസംസ്ഥാന ബന്ധമുള്ള പ്രഫഷനൽ കൊള്ളസംഘങ്ങളുടെ പങ്കുവരെ പൊലീസ് സംശയിച്ചു. പരിസരങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി ദുരൂഹത നീക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കാർ കണ്ടെത്തിയത് പിലാത്തറയിലായതിനാൽ ആദ്യം പരിയാരം മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്. പിന്നീട് സംഭവം നടന്നത് എടാട്ടായതിനാൽ പയ്യന്നൂർ സ്റ്റേഷന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

