ഭൂമിക്കടിയിൽ രഹസ്യ അറ; 275 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ
text_fieldsമദ്യവുമായി പിടിയിലായ പ്രതി ഉദ്യോഗസ്ഥരോടൊപ്പം
പയ്യന്നൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ 275 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് വൻ മദ്യശേഖരം പിടികൂടിയത്. വാഹന പരിശോധനയിൽ വിൽപനക്കായി സ്കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയിൽ സ്വദേശി പി. നന്ദുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയോര മേഖലയിലെ മാഹി മദ്യത്തിന്റെ ചില്ലറ, മൊത്ത വിൽപന ഇയാളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായി ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയിൽ രഹസ്യ അറയിൽ വിൽപനക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കണ്ടെടുത്തത്. പ്രിവന്റിവ് ഓഫിസർ കെ.കെ. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി. ശ്രീകാന്ത്, പി.വി. സനേഷ്, പി. സൂരജ്, എക്സൈസ് ഡ്രൈവർ പി.വി. അജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

