നാറാണത്ത് ഭ്രാന്തന് കല്ലുരുട്ടാനിനി മാലിന്യ മലകൾ
text_fieldsപയ്യന്നൂർ: ഉത്തര മലബാറിൽ 60 ശതമാനം ഇടനാടൻ ചെങ്കൽക്കുന്നുകളും ഇല്ലാതായി. ബാക്കിയുള്ളവ ലോറിയിൽ കയറാൻ ക്യൂ നിൽക്കുന്നു. അതുകൊണ്ടുതന്നെ ഇനിയൊരിക്കൽക്കൂടി നാറാണത്തു ഭ്രാന്തൻ കേരളത്തിൽ വന്നാൽ എവിടെ കല്ലുരുട്ടുമെന്ന ചോദ്യം പ്രസക്തം.
ഈ ചോദ്യത്തിന് ശിൽപിയും ചിത്രകാരനും ആക്ടിവിസ്റ്റുമായ സുരേന്ദ്രൻ കൂക്കാനത്തിന് കൃത്യമായ മറുപടിയുണ്ട്. മാലിന്യക്കുന്നുകളുണ്ട്, അതിൽ കല്ലുരുട്ടാമെന്ന്. മറുപടി പറയുകയല്ല, നാറാണത്ത് ഭ്രാന്തനായി കൂറ്റൻ മാലിന്യ മലയിൽ കല്ലുരുട്ടി, മലയെ വയൽപണിക്കു കൊണ്ടുപോകുന്ന മണ്ണുമാഫിയക്കെതിരെയുള്ള പ്രതിഷേധമറിയിക്കുകയും ചെയ്തു ശനിയാഴ്ച ഈ കലാകാരൻ.
ഭൂരിഭാഗം കുന്നുകളും പൂർണമായി ഇല്ലാതായി. ഇതിനെതിരെയുള്ള ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് സുരേന്ദ്രൻ 'മാധ്യമ' ത്തോട് പറഞ്ഞു. മാലിന്യം വലിയ പ്രശ്നമാണ്.
എന്നാൽ, ഭൂമിയുടെ നിലനിൽപ് ഇല്ലാതാക്കുന്നതാണ് മലയിടിക്കലെന്ന് മുമ്പ് നിരവധി തവണ കുന്നിടിക്കലിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ, നിരവധി ഹ്രസ്വ സിനിമകളുടെ സംവിധായകൻ കൂടിയായ സുരേന്ദ്രൻ പറയുന്നു. ഒപ്പം ജനകീയ ഇടപെടൽ വേണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.