നീതിപീഠത്തിന്റെ കരുതലിൽ പൊരുണിവയൽ വീണ്ടും കണ്ടൽ സമൃദ്ധിയിലേക്ക്
text_fieldsകുഞ്ഞിമംഗലം പൊരുണി വയലിൽ കണ്ടൽചെടികൾ നടുന്ന പ്രവൃത്തി
പയ്യന്നൂർ: നീതിപീഠത്തിന്റെയും പരിസ്ഥിതി സ്നേഹികളുടെയും ജാഗ്രതയിൽ കുഞ്ഞിമംഗലം പൊരുണിവയലിൽ വീണ്ടും കണ്ടലിന്റെ ഹരിതസമൃദ്ധിയിലേക്ക്. മണ്ണിട്ട് നികത്തിയ നീർത്തടമാണ് വീണ്ടും തളിരിടുന്നത്.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കണ്ടലുള്ള കുഞ്ഞിമംഗലം ഗ്രാമത്തിലെ പൊരുണിവയലിൽ ഹൈകോടതി ഉത്തരവ് പ്രകാരമാണ് വെള്ളിയാഴ്ച കണ്ടൽ നടീൽ ആരംഭിച്ചത്. ടൂറിസം പ്രവർത്തനത്തിനായി സ്വകാര്യ വ്യക്തി രണ്ട് വർഷം മുമ്പ് മണ്ണും കെട്ടിടാവശിഷ്ടവും നിക്ഷേപിച്ച് നശിപ്പിച്ച കണ്ടൽ ഭൂമിയാണിത്.
2023ൽ നടന്ന നിയമ വിരുദ്ധമായ കണ്ടൽ നശീകരണ പ്രവർത്തി പരിസ്ഥിതി പ്രവർത്തകനായ പി.പി. രാജന്റെ നേതൃത്വത്തിൽ കുഞ്ഞിമംഗലത്തെ തീരവനം സംരക്ഷണ സമിതി പ്രതിരോധിക്കുകയും നിയമനടപടിയിലേക്ക് കടക്കുകയുമായിരുന്നു.
രാജൻ ഹൈകോടതിയിൽ നടത്തിയ നിയമ പോരാട്ടത്തെ തുടർന്ന് കോടതി തീരദേശ പരിപാലന ചട്ടപ്രകാരം കണ്ടൽ നശീകരണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. 2025 ഒക്ടോബർ 13ന് വന്ന കോടതിയുടെ അന്തിമവിധി പ്രകാരം കണ്ടൽ വനഭൂമിയിൽ നിക്ഷേപിച്ച മണ്ണും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യാനും നശിപ്പിക്കപ്പെട്ട കണ്ടൽ ചെടികളുടെ മൂന്നിരട്ടി നട്ടുപിടിപ്പിക്കാനും ഉത്തരവായി.
അതോടൊപ്പം ജില്ലയിലെ കണ്ടൽ കാടുകളുടെ നാശം തടയാൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും ഹൈകോടതി ഉത്തരവിട്ടു. കണ്ടൽ ഭൂമിയിൽനിന്ന് അവശിഷ്ടങ്ങൾ നീക്കാനുള്ള ചെലവുകൾ ഭൂവുടമയിൽനിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.
ഇതിന്റെ പ്രാരംഭ നടപടിയായി മണ്ണ് നീക്കം ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്മെന്റ് റേഞ്ച് ഓഫിസർ സി.എ. ശബ്ന നേതൃത്വം നൽകി. പ്രാന്തൻ കണ്ടൽ, വള്ളി കണ്ടൽ, കുറ്റികണ്ടൽ എന്നീയിനങ്ങളിൽപെട്ട ചെടികളാണ് നട്ടുപിടിപ്പിച്ചത്.
കുഞ്ഞിമംഗലം പഞ്ചായത്ത് സെക്രട്ടറി എം.പി. വിനോദ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പി. സതീശൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.വി. മനോജ് കുമാർ എന്നിവരും സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.വി. ഷിജിൻ, കെ. മധു, സി. അനീഷ്, ഫോറസ്റ്റ് വാച്ചർ പാട്രിക് എന്നിവരും പങ്കെടുത്തു. പരിസ്ഥിതി പ്രവർത്തകരും നടീൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

