മാലിന്യം; കുഞ്ഞിമംഗലത്തെ വിവിധ സ്ഥാപനങ്ങൾക്ക് 11,000 രൂപ പിഴ
text_fieldsകുഞ്ഞിമംഗലത്ത് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ
പയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11,000 രൂപ പിഴ ചുമത്തി.
താമരംകുളങ്ങരയിൽ പ്രവർത്തിച്ചു വരുന്ന സാസ് ഗോളിൻ എന്ന കൊറിയർ ഡെലിവറി സ്ഥാപനത്തിന് മാലിന്യങ്ങൾ കെട്ടിട പരിസരത്തു അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും ഹരിതകർമസേനക്ക് കൈമാറാതെ കാലങ്ങളായി കൂട്ടി വെച്ചതിനും 3,000 രൂപ പിഴ ചുമത്തി.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന ബാത് റൂമിൽ മദ്യ കുപ്പികളും സിഗരറ്റ് കുറ്റികളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയ നിലയിലാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്റ്റെയർ കേയ്സിന് താഴെയും നിരവധി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. കെട്ടിടം വൃത്തിയായി സംരക്ഷിക്കാത്തതിന് കെട്ടിട ഉടമക്ക് സ്ക്വാഡ് 5,000 രൂപയും പിഴയിട്ടു.
സമീപത്തായി തന്നെ പ്രവർത്തിച്ചു വരുന്ന ക്രിയേറ്റിവ് മാർക്കറ്റിങ് എന്ന സ്ഥാപനത്തിന് മാലിന്യങ്ങൾ കെട്ടിടത്തിന്റെ പിറകിൽ കൂട്ടിയിട്ടത്തിന് 2,000 രൂപയും പിഴയിട്ടു. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് താമരംകുളങ്ങരയിൽ പ്രവർത്തിച്ചു വരുന്ന കൈലാസം സ്പ്രേ പെയിന്റ്സിന് 1,000 രൂപയും പിഴയിട്ടു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ.ദിബിൽ,കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.വി.മനോജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

