അണിഞ്ഞൊരുങ്ങി പിലാത്തറ ഇൻഡോർ സ്റ്റേഡിയം
text_fieldsപയ്യന്നൂർ: ദേശീയനിലവാരത്തിൽ നിർമിച്ച പിലാത്തറ ഇൻഡോർ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ആദ്യഘട്ടം ഒരുകോടിയും സംസ്ഥാന സർക്കാറിെൻറ വിഹിതമായ 1.82 കോടി രൂപയും ഉപയോഗിച്ചാണ് ആധുനിക സജ്ജീകരണത്തോടെ സ്റ്റേഡിയം നിർമിച്ചത്. നിലവിൽ കോൺക്രീറ്റ് പ്ലാറ്റ്ഫോം ആണുള്ളത്.
ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള മേപ്പിൾ വുഡ് ഫ്ലോറിങ് ചെയ്യുന്നതിന് എം.എൽ.എ ഫണ്ടിൽനിന്ന് 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രസ്തുത പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കും. 43 മീറ്റർ വീതിയും 26 മീറ്റർ നീളത്തിലും നിർമിച്ച സ്റ്റേഡിയത്തിൽ അരീന ലൈറ്റിങ് സംവിധാനം, ബാസ്ക്കറ്റ് ബാൾ കോർട്ട്, വോളിബാൾ കോർട്ട്, നാല് ഷട്ടിൽ കോർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. രാത്രിയിൽ പരിശീലനം നടത്തുന്നതിന് എൽ.ഇ.ഡി ഫ്ലഡ്ലിറ്റ് സംവിധാനവും ഒരുക്കി. 400ലധികം പേർക്ക് ഇരിക്കാവുന്ന ഗാലറിക്കുപുറമെ 60,000 ലിറ്റർ ശേഷിയുള്ള ടാങ്കും നിർമിച്ചിട്ടുണ്ട്.
കല്യാശ്ശേരി മണ്ഡലത്തിൽ കായികരംഗത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടത്തിയതായി ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. കല്യാശ്ശേരിയിൽ യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിനുപുറമെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ രണ്ടാമത്തെ സിന്തറ്റിക് ട്രാക്കിന് കൂടി അനുമതി ലഭിച്ചു.
ഏഴുകോടി രൂപയുടെ പദ്ധതിയിൽ ഐ.എ.എ.എഫ് നിലവാരത്തിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ജംബിങ് പിറ്റ്, െഡ്രയിനേജോടുകൂടിയ ഫുട്ബാൾ ഫീൽഡ്, ട്രാക്കിെൻറ സുരക്ഷക്കുള്ള ഫെൻസിങ് എന്നിവക്ക് 6.17 കോടിയും പവിലിയൻ, ഡ്രെസ് ചെയ്ഞ്ചിങ് റൂം, ബാത്ത് റൂം, ടോയ്ലറ്റ് എന്നിവക്ക് 83 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 10 ഗ്രൗണ്ടുകൾ ഇതിനകം നവീകരിച്ചു. ഇരിണാവിൽ ഇൻഡോർ ജിംനേഷ്യവും സ്ഥാപിച്ചു. പിലാത്തറ ഫാമിലി ഹെൽത്ത് സെൻററിൽ ഓപൺ ജിംനേഷ്യത്തിെൻറ പ്രവൃത്തി നടന്നു വരുന്നു. വോളിബാൾ ഗ്രാമമായ പാണപ്പുഴയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വോളിബാൾ സ്റ്റേഡിയത്തിെൻറ നിർമാണം ഒക്ടോബറിൽ പൂർത്തിയാകും. 1.20 കോടി രൂപയാണ് സ്റ്റേഡിയം നിർമാണത്തിന് അനുവദിച്ചത്.
കല്യാശ്ശേരി കെ.പി.ആർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ നായനാർ ഗ്രൗണ്ട് സിന്തറ്റിക് ടർഫാക്കി ഉയർത്താൻ ഈവർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. സ്കൂളിൽ കിക്കോഫ് ഫുട്ബാൾ പരിശീലന പരിപാടിയും ആരംഭിച്ചു. ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് അഞ്ചുകോടിയുടെ പദ്ധതി കിഫ്ബിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

