പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം; അനിശ്ചിതത്വം നീങ്ങുന്നു; മണ്ണു പരിശോധന തുടങ്ങി
text_fieldsപയ്യന്നൂരിൽ സ്റ്റേഡിയം പ്രവൃത്തി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന മണ്ണു പരിശോധന
പയ്യന്നൂർ: പയ്യന്നൂരിലെ നിർദിഷ്ട സ്റ്റേഡിയം നിർമാണ പ്രവൃത്തി പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള മണ്ണു പരിശോധന ആരംഭിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന കിറ്റ്കോയെ ഒഴിവാക്കി സംസ്ഥാന സർക്കാറിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനെ നിർവഹണ ഏജൻസിയാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമിക്കുന്നതിനായി കിഫ്ബിയിൽനിന്ന് 13.4 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിക്കുകയും 2021 ഫെബ്രുവരിയിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. 12 മാസമായിരുന്നു പൂർത്തീകരണ കാലാവധി. കോവിഡ് സമയത്തെ ലോക്ഡൗൺ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പിന്നീട് 2023 ജനുവരി വരെ കാലാവധി നീട്ടി നൽകി.
തുടർന്ന് കിഫ്ബിയുടെ സൈറ്റ് സന്ദർശന വേളയിൽ പദ്ധതിയുടെ ഫൗണ്ടേഷൻ റീ ഡിസൈൻ നടത്തണമെന്നാവശ്യപ്പെട്ട് കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ നിർമാണം നിർത്തി. മണ്ണ് അടിഞ്ഞുകൂടാൻ സാധ്യതയുള്ള പ്രദേശമായതിനാലാണ് ഫൗണ്ടേഷൻ റീ ഡിസൈൻ ചെയ്യാൻ കിഫ്ബി നിർദേശിച്ചത്.
2024 മേയ് 20ന് കിഫ്ബി സി.ഇ.ഒയുടെ സാന്നിധ്യത്തിൽ യോഗം നടന്നു. പുതുക്കിയ എല്ലാ രേഖകളും സഹിതം പ്രോജക്ട് എക്സിക്യൂഷൻ ഡോക്യുമെന്റ് വീണ്ടും സമർപ്പിച്ചാൽ മാത്രമേ പി.ഇ.ഡി അംഗീകരിക്കുകയുള്ളൂവെന്ന് കിഫ്ബി കിറ്റ്കോയോട് നിർദേശിക്കുകയും 2024 ജൂൺ 20നകം സമർപ്പിക്കാമെന്ന് കിറ്റ്കോ സമ്മതിക്കുകയും ചെയ്തു. മണ്ണു പരിശോധന റിപ്പോർട്ട്, കിഫ്ബി അംഗീകരിച്ച ഡിസൈൻ, യഥാർഥ തുക ഉൾപ്പെട്ട ഡീവിയേഷൻ സ്റ്റേറ്റ്മെന്റ് എന്നിവ കിറ്റ്കോ സമർപ്പിക്കണമെന്നും അതിനുശേഷം കരാർ റീ ടെൻഡർ ചെയ്യണമെന്നും കിഫ്ബി കിറ്റ്കോയോട് നിർദേശിച്ചു. നിശ്ചയിച്ച തീയതി കഴിഞ്ഞിട്ടും സമർപ്പിക്കാത്ത സാഹചര്യത്തിലാണ് 2024 ജൂലൈ നാലിന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ സാന്നിധ്യത്തിൽ എം.എൽ.എ, കിറ്റ്കോ കിഫ്ബി, കായിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നത്.
ഈ യോഗത്തിലും നിർമാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി നൽകാൻ കിറ്റ്കോക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താലാണ് ഇവരെ ഒഴിവാക്കിയത്.
നിർമാണപ്രവൃത്തി പുനരാരംഭിച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച് ടി.ഐ. മധുസൂദനൻ എം.എൽ.എ മണ്ണ് പരിശോധന ഉൾപ്പെടെ തുടർനടപടി വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. വിശ്വനാഥൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി. എക്സിക്യുട്ടിവ് എൻജിനീയർ പി.സി. രഞ്ജിത്ത് അസി. എൻജിനീയർ പവിശങ്കർ, എം. ശ്രീനിധി എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

