പയ്യന്നൂർ ഇനി കെ.എൽ 86
text_fieldsപയ്യന്നൂർ ജോ. ആർ.ടി ഓഫിസ് പ്രാദേശികതല ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു
പയ്യന്നൂർ: താലൂക്കിൽ അനുവദിച്ച സബ് ആർ.ടി ഓഫിസ് (കെ.എൽ-86) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ, സംഘാടക സമിതി കൺവീനർ കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളൂർ പോസ്റ്റ് ഓഫിസിന് സമീപത്തെ എച്ച്.ആർ പ്ലാസ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിനും മറ്റുമായി രണ്ട് കിലോമീറ്റർ ദൂരത്ത് ചെറുപുഴ റോഡിലുള്ള ഏച്ചിലാംവയലിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഓഫിസ് ആരംഭിക്കുന്നതോടെ ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ്, ടാക്സ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് പരിശോധന തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.
ജോയൻറ് ആർ.ടി.ഒ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ, രണ്ട് അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, ഒരു ഹെഡ് അക്കൗണ്ട്, രണ്ട് ക്ലർക്കുമാർ എന്നിങ്ങനെ ഏഴ് ഉദ്യോഗസ്ഥരാണ് ഓഫിസിലുണ്ടാവുക. കെ.എൽ-86 ആണ് ഇവിടേക്കനുവദിച്ച രജിസ്ട്രേഷൻ നമ്പർ. ഓഫിസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കണ്ണൂർ, തളിപ്പറമ്പ് ആർ.ടി ഓഫിസിലെ തിരക്ക് കുറയും.
തളിപ്പറമ്പ് സബ് ആർ.ടി ഓഫിസിന് കീഴിലുള്ള കരിവെള്ളൂർ, വെള്ളൂർ, രാമന്തളി, കോറോം, പുളിങ്ങോം, തിരുമേനി, പെരിങ്ങോം, വയക്കര, പെരിന്തട്ട, ആലപ്പടമ്പ, കാങ്കോൽ, പെരളം, വെള്ളോറ, കുറ്റൂർ, എരമം, പയ്യന്നൂർ എന്നീ വില്ലേജുകളും കണ്ണൂർ ആർ.ടി ഓഫിസിന് കീഴിലുള്ള പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം, മാടായി എന്നീ വില്ലേജുകളും പയ്യന്നൂർ ആർ.ടി ഓഫിസിന് കീഴിലാവും. മുപ്പത്തിയാറോളം ഡ്രൈവിങ് സ്കൂളുകളാണ് ഓഫിസിെൻറ പരിധിയിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

