പുലിപ്പേടിയിൽ മെഡിക്കൽ കോളജ് കാമ്പസ്; കാട്ടുപൂച്ചയാകാമെന്ന് വനം വകുപ്പ്
text_fieldsകണ്ണൂർ ഗവ. മെഡിക്കൽ കോളജ് നഴ്സിങ് ഹോസ്റ്റൽ പരിസരത്തും മറ്റും വനം വകുപ്പിന്റെ
നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നു
പയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കാമ്പസിലും സമീപത്തെ റോഡിലും പുലിയെ കണ്ടുവെന്ന പ്രചാരണം ഭീതി പരത്തി. എന്നാൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാലടയാളം കാട്ടുപൂച്ചയുടേതാണെന്നാണ് പറയുന്നത്. എന്നാൽ കണ്ടവർ പൂച്ചയല്ല പുലിയെന്നാണ് പറയുന്നത്.
ചൊവ്വാഴ്ച വൈകീട്ട് 7.30 ഓടെ ഔഷധി റോഡിൽ പുലിയെ കണ്ടതായി സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി പറയുന്നു. റോഡ് മുറിച്ചുകടക്കുന്നതായാണ് കണ്ടതത്രെ. ഇതിനുശേഷം ഔഷധി റോഡിലൂടെ യാത്രചെയ്ത മറ്റൊരാളും പുലിയെ കണ്ടതായി പറയുന്നു. രാത്രിയോടെ മെഡിക്കൽ കോളജ് നഴ്സിങ് കോളജിനു സമീപത്തും കണ്ടു. മറ്റൊരാൾ ശബ്ദം കേട്ടതായും പറയുന്നു. ഇതോടെ വിഷയം സമൂഹ മാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ് തളിപ്പറമ്പ് റേഞ്ച് ഓഫിസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുളള വനം വകുപ്പ് ജീവനക്കാർ എത്തി പരിശോധിച്ചത്. എന്നാൽ നിരാശയായിരുന്നു ഫലം.
ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥർ എത്തി സംഭവസ്ഥലം വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ടുവെന്ന് പറയുന്ന സ്ഥലത്തുനിന്ന് ഒരു കാൽപാട് കണ്ടെത്തിയത്. കാൽപാദത്തിന്റെ അളവ് ആറ് സെൻറി മീറ്റർ ആയതിനാൽ കാട്ടുപൂച്ചയുടേതാണ് എന്ന നിഗമനത്തിൽ എത്തുകയുമായിരുന്നു. ബുധനാഴ്ച രാത്രിയിലും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. പുലിയെ കണ്ടതായി പ്രചരിച്ച സ്ഥലങ്ങൾ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ചന്ദ്രൻ, വൈസ് പ്രസിഡൻറ് വി.എ. കോമളവല്ലി, ഹോസ്റ്റൽ ജീവനക്കാർ നാട്ടുകാർ എന്നിവർക്കൊപ്പമാണ് വനം വകുപ്പ് പരിശോധന നടത്തിയത്. പുലിയുടെ സാന്നിധ്യം ഉള്ളതിന്റെ ലക്ഷണങ്ങൾ ഒന്നുംതന്നെ പ്രദേശത്ത് ഇല്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. നഴ്സിങ് കോളജ് പരിസരത്ത് നിരീക്ഷണം ശക്തമാക്കാനും രാത്രികാല പരിശോധന നടത്തുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
ഭീതി ജനിപ്പിച്ച് സമൂഹമാധ്യമങ്ങൾ
പയ്യന്നൂർ: മെഡിക്കൽ കോളജ് പരിസരത്ത് പുലിയെ കണ്ടുവെന്ന് ചിലർ പറഞ്ഞതോടെ സമൂഹമാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. ഭീതിപ്പെടുത്തുന്ന വാർത്തകൾ വന്നതോടെ സംഭവം വൈറലായി. ചിലർ കൊഴുപ്പിക്കാൻ പുലിയുടെ പടവും വെച്ചു കാച്ചി. പാലക്കാട് അകത്തേത്തറയിൽ വീട്ടിലെത്തിയ പുലിയുടെ ചിത്രമാണ് വ്യാപകമായി പ്രചരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

