വിമാന യാത്ര സ്വപ്നം സാക്ഷാത്കരിച്ച് അന്നൂരിലെ കുടുംബശ്രീ
text_fieldsഅന്നൂരിലെ വീട്ടമ്മമാർ കണ്ണൂർ വിമാനത്താവളത്തിൽ
പയ്യന്നൂർ: നഗരസഭയിലെ അന്നൂർ ശാന്തിഗ്രാം വാർഡിലെ ഒരുകൂട്ടം അമ്മമാരുടെ ആഗ്രഹമായിരുന്നു വിമാന യാത്ര. അത് പൂർത്തീകരിച്ച സന്തോഷത്തിലാണ് അവർ. വാർഡ് കൗൺസിലർ എ. രൂപേഷിന്റെ നേതൃത്വത്തിലാണ് ഇങ്ങനെയൊരു യാത്ര ആരംഭിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് 40 പേരാണ് യാത്ര ചെയ്തത്.
ഒരു ദിവസം മുഴുവൻ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. നിയമസഭയിൽ വി.ഐ.പി ഗാലറിയിൽ ഇരുന്ന് നിയമസഭ പ്രവർത്തനത്തെ കുറിച്ച് നേരിട്ട് മനസിലാക്കി. പത്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ക്ഷേത്രം, മൃഗശാല, മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിച്ച് കോവളം ബീച്ചിലെത്തി. തുടർന്ന് പത്മനാഭ കൊട്ടാരവും സന്ദർശിച്ച് കന്യാകുമാരിയിലേക്ക് പോയി. എല്ലാ സ്ഥലവും കണ്ട് ട്രെയിനിൽ മടക്കം. കൗൺസിലർ എ. രൂപേഷിനെ കൂടാതെ സി.ഡി.എസ് അംഗം എം.വി. അനിത, എ.ഡി.എസ് ചെയർപേഴ്സൺ എൻ. ജ്യോതി എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

