വീണ്ടും വിവാദ വേദിയായി ഗവ.മെഡിക്കൽ കോളജ്
text_fieldsപയ്യന്നൂർ: സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ വീണ്ടും വിവാദങ്ങളുടെ വേദിയായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. തുടക്കം മുതൽ സഹകരണ മേഖലയിലിരിക്കെത്തന്നെ ഇടത്തോട്ടും വലത്തോട്ടും മാറി വിവാദങ്ങൾ മാത്രം വിളഞ്ഞ ആതുരാലയമാണ് വീണ്ടും രാഷ്ട്രീയക്കളിയുടെ പോർക്കളമായി മാറുന്നത്. ഭരണമാറ്റത്തെത്തുടർന്ന് ഉടലെടുത്ത താൽക്കാലിക ജീവനക്കാർക്കെതിരെയുള്ള കൂട്ട പിരിച്ചുവിടലുകൾ, പുതിയ നിയമനങ്ങൾ, ഭരണാനുകൂല ഇന്റേണൽ സ്ഥലംമാറ്റങ്ങൾ എന്നിവ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതായി പരാതി ഉയരുന്നു.
കഴിഞ്ഞ ദിവസം നഴ്സിങ് സൂപ്രണ്ടുമാരുടെ ജോലിപ്രവേശനം തടഞ്ഞുകൊണ്ട് ഒരു വിഭാഗം അഞ്ചാം നിലയിൽ നടത്തിയ ഉപരോധ സമരം ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പീഡിയാട്രിക് ഐ.സി.യു, ഗൈനക്കോളജി ഓപറേഷൻ തിയറ്റർ, പ്രസവ വാർഡുകൾ എന്നിവയോട് ചേർന്നുകിടക്കുന്ന അതി തീവ്രപരിചരണ മേഖലയിൽ ഉയർന്ന ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളും ബഹളങ്ങളും നവജാത ശിശുക്കളിലും ഗുരുതരാവസ്ഥയിലുള്ള രോഗികളിലും കടുത്ത ഭീതി പരത്തി.
പൊലീസും സുരക്ഷ ജീവനക്കാരും നിസ്സഹായരായി നോക്കിനിന്ന അന്തരീക്ഷത്തിൽ പരിയാരം സി.ഐയും ഡെപ്യൂട്ടി സൂപ്രണ്ടും നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമരം താൽക്കാലികമായി പിൻവലിച്ചത്. ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ച പ്രതിപക്ഷ യുവജന സംഘടനയുടെ മാർച്ച്. പല സർവിസ് സംഘടനകളുടെ പെരുമാറ്റത്തിൽ ഡോക്ടർമാർ കടുത്ത അമർഷത്തിലാണ്. സ്ഥലംമാറ്റ വിഷയത്തിൽ ഭരണകക്ഷിയിൽപ്പെട്ട ജീവനക്കാരുടെ സംഘടനയുടെ നേതാക്കൾ പീഡിയാട്രിക് വിഭാഗത്തിലെ പ്രമുഖ ഡോക്ടറോട് അതിരൂക്ഷമായ ഭാഷയിൽ തർക്കത്തിലേർപ്പെട്ടത് ഏറെ വിവാദത്തിനിടയാക്കി.
നേതാക്കൾ കയർത്തതിലുണ്ടായ കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് ഡോക്ടർ കുഴഞ്ഞുവീഴുകയും കാർഡിയോളജി വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടുകയും ചെയ്തു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്ന് നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആതുരാലയമാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത രാഷ്ട്രീയ വിവാദം മാത്രം വിളഞ്ഞ് നശിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
മെഡിക്കൽ കോളജിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി
നേതാക്കൾ ശിശുരോഗ വിഭാഗം ഒ.പിയിൽ അതിക്രമിച്ച് കയറി വനിത ഡോക്ടറായ കെ.വി. രാധാമണിയെ ഭീഷണിപ്പെടുത്തി
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ ശിശുരോഗ വിഭാഗം ഒ.പിയിൽ അതിക്രമിച്ച് കയറി വനിത ഡോക്ടറായ കെ.വി. രാധാമണിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിൽ പ്രതിഷേധിച്ചും താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൊടുക്കുന്ന ലിസ്റ്റിൽ നിന്നും ആളെ തിരഞ്ഞെടുക്കുന്നതായി ആരോപിച്ചും രാഷ്ട്രീയപ്രേരിതമായി മാനദണ്ഡം പാലിക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതായി ആരോപിച്ചും ആശുപത്രിയുടെ ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എം. വിജിൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു.
എ. സുധാജ് അധ്യക്ഷത വഹിച്ചു. സി.പി. ഷിജു, പി. ജിതിൻ, പി.കെ. പ്രജീഷ്, ടി.വി. പ്രണവ് രാജ്, എം.വി. രാജീവൻ, ആർ. അജിത, കെ.പി. അർജുൻ എന്നിവർ സംസാരിച്ചു. പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ അത് മറികടന്ന് പ്രിൻസിപ്പൽ ഓഫിസിന് മുന്നിലെത്തി പ്രതിഷേധിച്ചു. തുടർന്ന് എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ നേതാക്കൾ സൂപ്രണ്ടിനെയും പ്രിൻസിപ്പൽ ഇൻചാർജിനെയും കണ്ട് സംസാരിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

