വീട് പൂട്ടി താക്കോൽ എടുക്കാൻ മറന്നു; സ്വർണം മോഷണം പോയി
text_fieldsപയ്യന്നൂർ: വീട് പൂട്ടി പുറത്തുപോയപ്പോൾ താക്കോൽ പൂട്ടിൽനിന്നും എടുക്കാൻ മറന്നു. അബദ്ധം മനസ്സിലാക്കി തിരിച്ചെത്തുമ്പോഴേക്കും വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന രണ്ടു പവൻ ആഭരണം മോഷണം പോയി. വെള്ളൂരിലെ എം.ടി.പി. ശിഹാബിന്റെ വീട്ടിലാണ് കുറഞ്ഞ നേരംകൊണ്ട് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ശിഹാബ് വീട് പൂട്ടി ഭാര്യാവീട്ടിലേക്ക് പോയതായിരുന്നുവത്രെ. വാതിൽ പൂട്ടിയെങ്കിലും പൂട്ടിൽനിന്നും താക്കോൽ എടുക്കാൻ മറന്നു. അബദ്ധം പറ്റിയത് മനസ്സിലായ ഉടനെ തിരിച്ചുവന്നുവെങ്കിലും വാതിൽ തുറന്നനിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പു മുറിയിലെ അലമാര കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന രണ്ടു പവൻ ആഭരണം മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. ശിഹാബിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

