പയ്യന്നൂരിൽ നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ
text_fieldsഭക്ഷ്യവിഷബാധയേറ്റവർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ
പയ്യന്നൂർ: പയ്യന്നൂരിൽ നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സമാപിച്ച കോറോത്തെ പെരിങ്കളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കുട്ടികളുൾപ്പെടെ നൂറോളം പേരാണ് വ്യാഴാഴ്ച ഉച്ചമുതൽ പയ്യന്നൂരിലെ വിവിധ ആശുപത്രിയികളിൽ ചികിത്സ തേടിയത്.
വയറിളക്കവും ഛർദിയുമാണ് പലർക്കും അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. എല്ലാവരെയും പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഏത് ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ലെന്നും ഐസ്ക്രീമിന്റെ സാമ്പിൾ പരിശോധനക്കയച്ചതായും ബന്ധപ്പെട്ടവർ പറഞ്ഞു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രത്യേക പരിശോധന സംവിധാനം ഒരുക്കിയതായും അസ്വസ്തതയുള്ളവർ ആശുപത്രിയിൽ വൈദ്യസഹായം തേടണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

