ഏഴിമലയിൽ തീപിടിത്തം; എട്ടേക്കറോളം സ്ഥലം കത്തിനശിച്ചു
text_fieldsഏഴിമല നാവിക അക്കാദമിയുടെ രാമന്തളി ഗേറ്റിന് സമീപമുണ്ടായ തീപിടിത്തം
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി പ്രദേശത്തിന് തൊട്ടരികിൽ തീപിടിത്തം. എട്ടേക്കറോളം സ്ഥലത്തെ അടിക്കാടുകൾ പൂർണമായും തീവിഴുങ്ങി. അഗ്നിരക്ഷാ സേന ഏറെ പണിപ്പെട്ടാണ് നാവിക അക്കാദമി പ്രദേശത്തേക്ക് തീ വ്യാപിക്കുന്നത് തടഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അക്കാദമി രാമന്തളി ഗേറ്റിന് സമീപത്തെ ജെസ്യൂട്ട് സൊസൈറ്റിയുടെ സ്ഥലത്തുനിന്ന് തീയും പുകയും ഉയർന്നത്. നിമിഷങ്ങൾകൊണ്ട് തീ മലമുകളിലേക്ക് ആളിപ്പടർന്നു. വിവരമറിഞ്ഞ് നേവിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പയ്യന്നൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയുമുൾപ്പെടെ മൂന്ന് യൂനിറ്റാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്. നാവിക അക്കാദമി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പയ്യന്നൂർ എസ്.എച്ച്.ഒ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസും രക്ഷാപ്രവർത്തനത്തിൽ സഹായികളായി. നാവിക അക്കാദമിയിലെ കാഡറ്റുകൾ ചെയ്ത രക്ഷാപ്രവർത്തനം ശ്രദ്ധേയമായിരുന്നു. മതിലിനപ്പുറത്തെ നാവിക അക്കാദമി പ്രദേശത്തേക്ക് തീ പടർന്നുകയറാതിരിക്കാൻ ഇവർ യന്ത്രങ്ങളുപയോഗിച്ച് കാടുകൾ നീക്കം ചെയ്യുകയായിരുന്നു. ഇതിലൂടെയാണ് വൻദുരന്തമൊഴിവായത്. വാഹനമോ അഗ്നിരക്ഷാസേനയുടെ പൈപ്പുകളോ എത്താത്ത സ്ഥലത്തെ തീയണക്കൽ ദുഷ്കരമായിരുന്നു. മലമുകളിലെ ലൂർദ് മാതാ പള്ളിയിൽ തിരുനാളാഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് തീപിടിത്തം. മലമുകളിലും താഴെയും വാഹനങ്ങൾ നിർത്തിയുള്ള രക്ഷാപ്രവർത്തനത്തോടൊപ്പം പരിസരവാസികളും രക്ഷാപ്രവർത്തകരായി. അഞ്ച് മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വന്യമൃഗശല്യം കാരണം കൃഷി ചെയ്യാതെ കാടുകയറിക്കിടന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. താഴെയുള്ള ജനവാസമേഖലയിലേക്ക് തീ പടരാതിരിക്കാൻ പരിസരവാസികൾ കാടു നീക്കം ചെയ്ത് ഫയർ ബെൽട്ട് നിർമിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ ടി.വി. പ്രകാശ്കുമാർ, അസി. സ്റ്റേഷൻ മാസ്റ്റർ മാത്യു, സേനാംഗങ്ങളായ ശ്രീനിവാസൻ, അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

