ഒടുവിൽ ആ മോതിരം മുറിച്ചു; അനുദിന് ആശ്വാസം
text_fieldsഅഗ്നിരക്ഷസേന മോതിരം മുറിച്ചുമാറ്റുന്നു, അനുദിന്റെ വിരൽ നീരുവന്ന നിലയിൽ
പയ്യന്നൂർ: അൽപം തടി കൂടിയപ്പോൾ വിരലിലിട്ട മോതിരം തീർത്ത പൊല്ലാപ്പിൽനിന്ന് 14കാരന് മോചനം. ഡോക്ടർമാർ കൈയൊഴിഞ്ഞപ്പോൾ അഗ്നിരക്ഷ സേനയാണ് തുണയായത്. മൊറാഴ സ്വദേശി അനുദിനാണ് പയ്യന്നൂർ അഗ്നിരക്ഷസേനയുടെ യത്നത്തിലൂടെ വേദനയകന്നത്. മുമ്പെങ്ങോ വിരലിലണിഞ്ഞ മോതിരം മുറുകിപ്പോയിരുന്നു. തുടർന്ന് നീരുവരാനും തുടങ്ങി. വീട്ടുകാർ മോതിരം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് രണ്ട് ആശുപത്രികളിൽ പോയെങ്കിലും അവർക്കും മോതിരം അഴിച്ചുമാറ്റാൻ സാധിച്ചില്ല. ഒടുവിൽ അനുദിനും അമ്മയും കൂടി പയ്യന്നൂർ ഫയർ സ്റ്റേഷനിലെത്തി അധികൃതരുടെ സഹായം ആവശ്യപ്പെടുകയായിരുന്നു.മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സേനാംഗങ്ങൾ മോതിരം മുറിച്ചുമാറ്റിയത്.

