ആട്ടവിളക്കിന് മുന്നിൽ നിറഞ്ഞാടി അംഗനമാർ
text_fieldsപയ്യന്നൂർ കഥകളിയരങ്ങ് പ്രതിമാസ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ തൃപ്പൂണിത്തുറ വനിതാ കഥകളി സംഘം അവതരിപ്പിച്ച ദക്ഷയാഗം കഥകളിയിൽ നിന്ന്
പയ്യന്നൂർ: ആണഹങ്കാരത്തിന്റെ ആൾരൂപമായ ദക്ഷനായി അരങ്ങിലെത്തിയത് എൻ. ഗീത. ഗോപാഗ്നി ജ്വലിപ്പിച്ച് അഹന്തയെ തല്ലിയുടച്ച ശിവനായി സദസ്സിനെ ഭയഭക്തിയുടെ വൈകാരിക തലത്തിലെത്തിച്ചത് രഞ്ജിനി സുരേഷ്. തീർന്നില്ല, ഇന്ദ്രനായി കാർത്തിക പ്രമോദും സതിയായി സുമ വർമ്മയും വീരഭദ്രനായി ഗീത വർമ്മയും അരങ്ങിലെത്തിയപ്പോൾ അന്താഷ്ട്ര വനിതാദിനത്തിൽ അരങ്ങേറിയ ആട്ടക്കഥ വനിതകളുടെ ശ്രേഷ്ഠകലാരംഗത്തെ മികവിനെ കൂടിയാണ് അടയാളപ്പെടുത്തിയത്. പയ്യന്നൂർ കഥകളിയരങ്ങിന്റെ 312ാം പ്രതിമാസ പരിപാടിയിലാണ് തൃപ്പൂണിത്തുറ വനിതാ കഥകളി സംഘം സ്ത്രീകള മാത്രം അരങ്ങിലെത്തിച്ച് ആട്ടക്കഥ അവതരിപ്പിച്ച് പയ്യന്നൂരിന്റെ വനിതാദിനത്തിന് പുതുമ നിറഞ്ഞ കാഴ്ചാനുഭവം സമ്മാനിച്ചത്.
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗമായിരുന്നു കഥ. ഇന്ദ്രനും ഭദ്രകാളിയുമായി വേഷപകർച്ച നടത്തി കാർത്തിക പ്രമോദ് മറ്റൊരു ചരിത്രം കൂടി എഴുതി. സ്ത്രീകൾ കഥകളിയരങ്ങിൽ എത്താൻ മടിക്കുന്ന കാലഘട്ടത്തിലാണ് തൃപ്പൂണിത്തുറയിലെ ഒരുസംഘം അംഗനമാർ കളി പഠിച്ച് വേദിയിലെത്തിയത്. 1974ൽ ആണ് സംഘം രൂപവത്കരിച്ചത്. സംഘത്തിന് 2017ൽ കേന്ദ്ര സർക്കാറിന്റെ നാരിശക്തി പുരസ്കാരം ലഭിച്ചിരുന്നു. അരങ്ങിൽ അംഗനമാരാണെങ്കിലും അണിയറ അടക്കിവാണത് പുരുഷന്മാർ തന്നെ. തൃപ്പൂണിത്തുറ അർജുൻ രാജും സദനം പ്രേമനുമാണ് പാട്ടുകാർ. കലാമണ്ഡലം ശ്രീവിൻ, തൃപ്പൂണിത്തുറ മിഥുൻമുരളി എന്നിവരാണ് ചെണ്ടക്കാർ. ആർ.എൽ.വി. ജിതിൻ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ എന്നിവർ മദ്ദളം വായിച്ചപ്പോൾ ആർ.എൽ.വി. അനുരാജ്, തൃപ്പുണിത്തുറ മിഥുൻ മുരളി എന്നിവർ ചുട്ടിയും കലാമണ്ഡലം ഹരികൃഷ്ണൻ, സനീഷ് വൈക്കം എന്നിവർ അണിയറയും കൈകാര്യം ചെയ്തു. ശ്രീപ്രഭ ഓഡിറ്റോറിമായിരുന്നു വേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

