രാജ്യത്തിന്റെ അതിഥികളാവും: തറിയിൽ ജീവിതം നെയ്ത ബിന്ദുവും എലിസബത്തും
text_fieldsബിന്ദു, എലിസബത്ത് ജോർജ്
പയ്യന്നൂർ: ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊടും പാവും തീർത്ത ഖാദിയിൽ ജീവിതം നെയ്ത തൊഴിലാളികൾ രാജ്യത്തിന്റെ അതിഥികളാവുന്നു. പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദി സംഘത്തിലെ നെയ്ത്ത് തൊഴിലാളികളായ രണ്ട് വനിതകളെയാണ് റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത്.
സംഘത്തിലെ നെയ്ത്ത് തൊഴിലാളികളായ ചെറുപുഴ സ്വദേശികളായ കെ.വി. ബിന്ദുവും എലിസബത്ത് ജോർജുമാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളാവുന്നത്. 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇവർ പങ്കെടുക്കുക.
പയ്യന്നൂർ ഫർക്ക ഖാദിയുടെ അഭിമാന ഉൽപന്നങ്ങളായ ട്രിപ്ലൈ മനില ഷർട്ടിങ്, ടൈ ആൻഡ് ഡൈ മനില ഷർട്ടിങ് എന്നിവയുടെ നിർമാണത്തിൽ വൈദഗ്ധ്യം നേടിയ തൊഴിലാളികളാണ് ബിന്ദുവും എലിസബത്ത് ജോർജും. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചപ്പോൾ തിരുവനന്തപുരം സന്ദർശനത്തിനിടെ ട്രിപ്ലൈ മനില ഷർട്ടിങ് കാണുകയും ഉൽപന്നത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഈ മനില ഷർട്ടിങ് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തതോടെ പയ്യന്നൂർ ഖാദിയുടെ പ്രത്യേകത ദേശീയതലത്തിൽ ശ്രദ്ധ നേടി. ബിന്ദു പയ്യന്നൂർ ഫർക്കാ ഗ്രാമോദയ ഖാദി സംഘത്തിന്റെ ഡയറക്ടർ ബോർഡിലെ തൊഴിലാളി പ്രതിനിധിയുമാണ്.
ജനുവരി 22ന് ഇരുവരും ഡൽഹിയിലേക്ക് യാത്ര തിരിക്കും. ഖാദി മേഖലയിലെ തൊഴിലാളികൾക്ക് ദേശീയ ആഘോഷത്തിൽ പങ്കെടുക്കാൻ ലഭിക്കുന്ന അവസരം ഖാദി തൊഴിലാളികൾക്കും പയ്യന്നൂർ ഫർക്കാ ഗ്രാമോദയ ഖാദി സംഘത്തിനും ലഭിക്കുന്ന അഭിമാനകരമായ അംഗീകാരമായാണ് വിലയിരുത്തുന്നത്. ബിന്ദു 16 വർഷവും എലിസബത്ത് 13 വർഷവുമായി ഈ മേഖലയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

